< Back
Kerala
യുവതികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് വിവരം: അതീവ സുരക്ഷയില്‍ സന്നിധാനം
Kerala

യുവതികള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് വിവരം: അതീവ സുരക്ഷയില്‍ സന്നിധാനം

Web Desk
|
21 Oct 2018 8:42 AM IST

പ്രതിഷേധക്കാര്‍ സന്നിധാനത്ത് തമ്പടിക്കുന്നു; പൊലീസ് നീരീക്ഷണം ശക്തമാക്കി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ സന്നിധാനവും പരിസരവും അതീവ സുരക്ഷയില്‍. തുലാമാസപൂജകള്‍ നാളെ അവസാനിക്കാനിരിക്കെ യുവതികള്‍ ദര്‍ശനത്തിനായെത്താനുള്ള സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സന്നിധാനത്ത് പ്രതിഷേധക്കാര്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ പൊലീസ് നിരീക്ഷണവും കര്‍ശനമാക്കി.

യുവതികള്‍ക്ക് സന്നിധാനത്ത് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും മയപ്പെട്ട സാഹചര്യത്തില്‍ വിധിക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകുന്നതിന് മുമ്പ് യുവതികള്‍ സന്നിധാനത്ത് പ്രവേശിക്കാന്‍ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്.

അതേസമയം വിവിധ ഹൈന്ദവ സംഘടനകളിലെ പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് എത്തുന്നതായാണ് വിലയിരുത്തല്‍. ഇവരെ ഏകോപിപ്പിക്കുന്നതിന് നേതാക്കളും സന്നിധാനത്ത് തങ്ങുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. സായുധ പൊലീസ് കാവലില്‍ യുവതികള്‍ സന്നിധാനത്തേക്ക് എത്തുന്നത് ആവര്‍ത്തിക്കപ്പെട്ടാല്‍ വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പൊലീസ് നടപടിയെ ശക്തമായി നേരിടുമെന്ന് പ്രതിഷേധക്കാരുടെ നിലപാട്

സംശയാസ്പദമായി കാണപ്പെടുന്നവരുടെ ദേഹപരിശോധന നടത്തിയാണ് പൊലീസ് ഇവരെ സന്നിധാനത്ത് പ്രവേശിപ്പിക്കുന്നത്. ആവശ്യമെങ്കില്‍ സന്നിധാനത്തെ പൊലീസ് സേനയുടെ അംഗബലം കൂട്ടുന്നതിനും നടപടി ഉണ്ടാകും. സന്നിധാനത്തെയും പരിസരത്തെയും നിരോധനാജ്ഞ തുടരുകയാണ്.

Similar Posts