< Back
Kerala
പാർട്ടിക്കുള്ളിൽ അതൃപ്തി നിലനിൽക്കുന്നതിനിടയിലും മുന്നൊരുക്ക യോഗങ്ങളിൽ സജീവമായി പി.കെ ശശി 
Kerala

പാർട്ടിക്കുള്ളിൽ അതൃപ്തി നിലനിൽക്കുന്നതിനിടയിലും മുന്നൊരുക്ക യോഗങ്ങളിൽ സജീവമായി പി.കെ ശശി 

Web Desk
|
24 Oct 2018 7:27 AM IST

ഇന്നലെ നടന്ന സി.പി.എം ചെർപ്ലശ്ശേരി ഏരിയ കമ്മിറ്റിയോഗത്തിലും തുടർന്ന് നടന്ന ഷൊർണൂർ മണ്ഡലം പ്രതിനിധികളുടെ യോഗത്തിലും ശശി പങ്കെടുത്തു. 

സി.പി.എം കാൽനട പ്രചരണ ജാഥയുടെ ക്യാപ്റ്റനായി തീരുമാനിച്ചതിനെതിരെ പാർട്ടിക്കുള്ളിൽ അതൃപ്തി നിലനിൽക്കുന്നതിനിടയിലും മുന്നൊരുക്ക യോഗങ്ങളിൽ സജീവമായി പി.കെ ശശി എം.എൽ.എ. ഇന്നലെ നടന്ന സി.പി.എം ചെർപ്ലശ്ശേരി ഏരിയ കമ്മിറ്റിയോഗത്തിലും തുടർന്ന് നടന്ന ഷൊർണൂർ മണ്ഡലം പ്രതിനിധികളുടെ യോഗത്തിലും ശശി പങ്കെടുത്തു. ശശിയെ ജാഥാ ക്യാപ്റ്റനാക്കുന്നതിൽ സി.പി.എം ജില്ലാകമ്മിറ്റിയിൽ ഒരുവിഭാഗം അംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അടുത്ത മാസം 21ന് നടക്കുന്ന സി.പി.എം കാൽനടപ്രചരണ ജാഥയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായിരുന്നു ഷൊർണൂർ മണ്ഡലത്തിലെ പ്രതിനിധികളുടെ യോഗം സി.പി.എം വിളിച്ചു ചേർത്തത്. നേരത്തെ പി.കെ ശശിക്കെതിരെ നിലപാടെടുത്ത എം.ആർ മുരളി ഉൾപ്പെടെയുളളവർ യോഗത്തിനെത്തി. ജാഥാക്യാപ്റ്റനെ ചൊല്ലി യോഗത്തിൽ എതിർ സ്വരമുയർന്നെങ്കിലും ചർച്ച ചെയ്യേണ്ട വേദിയല്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. ശശിയെ ജാഥാ ക്യാപ്റ്റനാക്കിയ തീരുമാനത്തിനെതിരെ തിങ്കളാഴ്ച നടന്ന ജില്ലാ കമ്മറ്റി യോഗത്തിലും വിമർശനമുയർന്നിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് എതിർപ്പുകൾ വകവയ്ക്കാതെ ആലോചനയോഗത്തിനും ഏരിയാ കമ്മിറ്റി യോഗത്തിനും പി.കെ ശശി എത്തിയത്.

വിവാദമുയർന്ന ശേഷം ശശി പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് അംഗങ്ങൾ വിട്ടുനിന്നതിനാൽ മാറ്റി വെക്കേണ്ടി വന്നിട്ടുള്ള കമ്മിറ്റിയാണ് ചെർപ്ലശേരി ഏരിയാ കമ്മിറ്റി. പക്ഷെ നേരത്തെ പി.കെ ശശി പങ്കെടുക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് വിട്ടുനിന്ന ഭൂരിഭാഗം അംഗങ്ങളും ഇത്തവണ യോഗത്തിനെത്തി. ഈ ആഴ്ച തന്നെ പരാതിയിൽ അന്വേഷണം നടത്തുന്ന മന്ത്രി എ.കെ. ബാലനുമായും ശശി വേദി പങ്കിടുന്നുണ്ട്. ആരോപണ വിധേയനും അന്വേഷണ കമ്മീഷൻ അംഗവും വേദി പങ്കിടുന്നതിനെതിരെയും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു.

Related Tags :
Similar Posts