< Back
Kerala
സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്ത യുവാവിനെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് മര്‍ദ്ദിച്ചു
Kerala

സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്ത യുവാവിനെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് മര്‍ദ്ദിച്ചു

Web Desk
|
25 Oct 2018 9:15 AM IST

ആലുവ വെളിയത്ത് നാട് സ്വദേശി സുൽഫിക്കറാണ് മര്‍ദനത്തിനിരയായത്. ബസിനുള്ളിൽ സുല്‍ഫിക്കറിനെ ജീവനക്കാര്‍ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്

സ്റ്റോപ്പിൽ ബസ് നിർത്താത്തത് ചോദ്യം ചെയ്ത യുവാവിനെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരായ കണ്ടക്ടറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചതായി പരാതി. ആലുവ വെളിയത്ത് നാട് സ്വദേശി സുൽഫിക്കറാണ് മര്‍ദനത്തിനിരയായത്. ബസിനുള്ളിൽ സുല്‍ഫിക്കറിനെ ജീവനക്കാര്‍ ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ആലുവ പറവൂർ കവലയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് ദീർഘ ദൂര കെ.എസ്.ആര്‍.ടി.സി ബസിൽ കയറിയ സുല്‍ഫിക്കറിനെ ജീവനക്കാർ മർദ്ദിച്ചെന്നാണ് പരാതി. സ്റ്റോപ്പിൽ നിർത്താതിരുന്ന ബസ് ട്രാഫിക് സിഗ്നലിൽ നിർത്തിയപ്പോൾ യാത്രക്കാരില്‍ ചിലര്‍ ചോദ്യം ചെയ്തു, ഇതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ഈ ദൃശ്യങ്ങൾ മൊബെലിൽ പകർത്തിയ യുവാവിനെ കണ്ടക്ടർ മുഖത്തടിച്ചതായും സുല്‍ഫിക്കര്‍ പറഞ്ഞു.

കണ്ടക്ടറും ഡ്രൈവറും ചേർന്ന് യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ മറ്റ് യാത്രക്കാരില്‍ ചിലരും ചിത്രീകരിച്ചിരുന്നു. യുവാവിനെ മുഖത്തടിക്കുന്നതും ബസിനുള്ളിൽ നിന്ന് തള്ളി പുറത്തിറക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുല്‍ഫിക്കര്‍ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തില്‍ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Tags :
Similar Posts