< Back
Kerala
ശബരിമല സ്ത്രീപ്രവേശം; നാല് ഹരജികള്‍ ഹൈക്കോടതിയില്‍
Kerala

ശബരിമല സ്ത്രീപ്രവേശം; നാല് ഹരജികള്‍ ഹൈക്കോടതിയില്‍

Web Desk
|
29 Oct 2018 10:32 AM IST

വിശ്വാസികളായ തങ്ങള്‍ക്ക് ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നാല് യുവതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്കും

ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ നാലു ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. വിശ്വാസികളായ തങ്ങള്‍ക്ക് ശബരിമല ദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് നാല് യുവതികള്‍ സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്കും.

ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള നാല് ഹരജികളാണ് ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കുന്നത്. ശബരിമലയില്‍ നാമജപത്തിനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് കാണിച്ച് പത്തനം തിട്ട സ്വദേശികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ഇന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്ന് കഴി‍ഞ്ഞ ദിവസം കോടതി ഓര്‍മ്മിപ്പിച്ചത് ഈ ഹരജിയിലായിരുന്നു. ശബരി മല ദര്‍ശത്തിന് മതിയായ സുരക്ഷ ആവശ്യപ്പെട്ട് നാലു യുവതികള്‍ സമര്‍പ്പിച്ച ഹരജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണന്യ്ക്കെത്തും. സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും മല കയറുന്നതില്‍ നിന്നും രാഷ്ട്രീയ കക്ഷി പ്രവര്‍ത്തകരടക്കം തടയുന്നു എന്നാണ് ഹരജിക്കാരുടെ ആക്ഷേപം.

ഈ ഹരജിയിലും സര്‍ക്കാര്‍ വിശദീകരണം നല്കും. ശബരിമലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ ജ്യുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ളതാണ് മൂന്നാമത്തെ ഹരജി. രഹ്ന ഫാത്തിമയ്ക്ക് സുരക്ഷ ഒരുക്കിയ ഐ.ജിമാര്‍ക്കെതിരെ നടപടി വേണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വിശ്വാസികളെ മാത്രം ശബരിമലയില്‍ പ്രവേശിപ്പിക്കണെമെന്നാവശ്യപ്പെട്ട സമര്‍പ്പിച്ച മറ്റൊരു ഹരജിയും കോടതിയുടെ പരിഗണനയ്ക്കെത്തും. നാല് ഹരജികളും ഹൈക്കോടതിയുടെ ദേവസ്വം ബഞ്ചാണ് പരിഗണിക്കുക.

Similar Posts