< Back
Kerala
ചികിത്സാ പിഴവുമൂലം മരിച്ച ഷംന തസ്‌നീമിന്റെ പിതാവ് അബൂട്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Kerala

ചികിത്സാ പിഴവുമൂലം മരിച്ച ഷംന തസ്‌നീമിന്റെ പിതാവ് അബൂട്ടി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Web Desk
|
29 Oct 2018 7:34 PM IST

മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പിതാവ് അബൂട്ടി നിയമ പോരാട്ടത്തിലായിരുന്നു.

ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ച കളമശ്ശേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി ഷംന തസ്‌നീമിന്റെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി കെ എ അബൂട്ടിയാണ് മരിച്ചത്. മസ്‌കത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.

രാത്രി എട്ട് മണിയോടെയാണ് മസ്‌കത്തിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് അബൂട്ടിക്ക് ഹൃദയാഘാതം ഉണ്ടായത്. സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കായില്ല. രണ്ടാഴ്ച മുമ്പാണ് വിസ പുതുക്കുന്നതിനായി അബൂട്ടി മസ്‌കത്തിലെത്തിയത്.

അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കാന്‍ ഇരിക്കെയായിരുന്നു മരണം. 2016 ജൂലെ 18ന് കളമശ്ശേരി മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ഷംന ചികിത്സാ പിഴവ് മൂലം മരണപ്പെട്ടിരുന്നു. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച ഷംനയുടെ മരണം മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവിച്ചത്.

മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പിതാവ് അബൂട്ടി നിയമ പോരാട്ടത്തിലായിരുന്നു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.

ഉത്തരവാദികളെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാരെ 6 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതൊഴിച്ചാല്‍ മറ്റ് നടപടികള്‍ ഒന്നു ഉണ്ടായില്ല. ഇതിനെതിരെ കോടതിയിലും മനുഷ്യാവകാശ കമ്മീഷനേയും അടക്കം സമീപിച്ച് നിയമപോരാട്ടം തുടരുകയായിരുന്നു അബൂട്ടി. എന്നാല്‍ ഈ നിയമപോരാട്ടം പൂര്‍ത്തിയാകും മുമ്പെയായിരുന്നു അബൂട്ടിയുടെ മരണം.

Similar Posts