< Back
Kerala
ശബരിമലയില്‍ സംഘർഷം സൃഷ്ടിക്കാൻ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി
Kerala

ശബരിമലയില്‍ സംഘർഷം സൃഷ്ടിക്കാൻ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി

Web Desk
|
2 Nov 2018 1:58 PM IST

പൊലീസ് നടപടിയെക്കുറിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹരജി പരിഗണിക്കുമ്പോഴാണ് പരാമർശം. 

ശബരിമലയുടെ പേരില്‍ സംഘർഷം സൃഷ്ടിക്കാൻ കോടതിയെ ഉപകരണമാക്കരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ശബരിമല അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതി ചേര്‍ക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

ശബരിമല വിഷയത്തിന്റെ പേരില്‍ കോടതിയെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി.എന്‍ രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ദേവസ്വം ബഞ്ച് മുന്നറിയിപ്പ് നല്കിയത്. ശബരിമലയിലുണ്ടായ അക്രമസംഭവങ്ങളില്‍ പൊലീസിന്റെ പങ്ക് ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹരജിയാണ് കോടതി പരിഗണിച്ചത്. ളാഹയിൽ കണ്ടെത്തിയ മൃതദേഹം പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടയാളുടേതാണെന്ന് ഹരജിക്കാരനായ ജയരാജന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹരജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രതി ചേർക്കാവൂയെന്ന് കോടതി വ്യക്തമാക്കി.

കുറ്റകൃത്യത്തിൽ പങ്കാളിത്തം ഉണ്ടെങ്കിൽ മാത്രമേ അറസ്റ്റ് പാടുള്ളൂവെന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നല്കി.തൃപ്പൂണിത്തുറ സ്വദേശിയായ ഗോവിന്ദ് മധുസൂദനൻ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി നിര്‍ദ്ദേശം.

Related Tags :
Similar Posts