< Back
Kerala
കെവിന്‍ കേസില്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു
Kerala

കെവിന്‍ കേസില്‍ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു

Web Desk
|
8 Nov 2018 6:39 PM IST

എ.എസ്.ഐ ടി.എം ബിജുവിനെ ആണ് പിരിച്ചുവിട്ടത്. ഡ്രൈവര്‍ എം.എന്‍.അജയകുമാറിന്റെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി.

കെവിന്‍ കേസില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. എ.എസ്.ഐ ടി.എം ബിജുവിനെ ആണ് പിരിച്ചുവിട്ടത്. കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെതാണ് നടപടി. ഡ്രൈവര്‍ എം.എന്‍.അജയകുമാറിന്റെ 3 വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ദാക്കി.

കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസിലാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നടപടി. കെവിനെ കാണാതായ ദിവസം വാഹന പരിശോധനയ്ക്കിടെ ഷാനു ചാക്കോയില്‍ നിന്നും എ.എസ്.ഐ ബിജു രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയത്. പൊലീസ് ഡ്രൈവര്‍ എം.എന്‍ അജയകുമാറുമായി ഇത് പങ്കിട്ടെടുക്കുയും ചെയ്തു. വകുപ്പുതല അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ നടപടി ഉണ്ടായത്.

കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ എസ്.ഐ എം.എസ് ഷിബു, റൈറ്റര്‍ സണ്ണി മോന്‍ എന്നിവര്‍ക്കെതിരായ ഐ.ജിയുടെ അന്വേഷണം തുടരുകയാണ്. ഇവര്‍ക്കെതിരായ നടപടി കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ ആണ് തീരുമാനിക്കുന്നത്. വകുപ്പുതല അന്വേഷണത്തിന് പിന്നാലെ കൈക്കൂലി കേസില്‍ ക്രിമിനല്‍ നടപടികളും നടന്നുവരികയാണ്.

കെവിന്റെ കൊലപാത കേസില്‍ ഇവരെ പ്രതിചേര്‍ത്തിട്ടില്ല. പ്രതികളെ സഹായിക്കാന്‍ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ്.ഐ അടക്കമുളളവര്‍ സഹായിച്ചുവെന്നാണ് ബന്ധുക്കള്‍ അടക്കമുളളവര്‍ ആരോപിക്കുന്നത്.

Related Tags :
Similar Posts