
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുയര്‍ന്ന സംഘര്‍ഷങ്ങള്‍ സുപ്രീം കോടതിയില്‍ ബോധ്യപ്പെടുത്താനൊരുങ്ങി ദേവസ്വം ബോര്‍ഡ്
|വിഷയത്തിലെ റിട്ട്-റിവ്യു ഹരജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനുമായി കമ്മിഷണര്‍ കൂടിക്കാഴ്ച നടത്തും.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുയര്‍ന്ന സംഘര്‍ഷങ്ങള്‍ സുപ്രീം കോടതിയില്‍ ബോധ്യപ്പെടുത്താനൊരുങ്ങി ദേവസ്വം ബോര്‍ഡ്. സുപ്രീം കോടതി ആരാഞ്ഞാല്‍ നിലപാട് അറിയിക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍. വാസു. വിഷയത്തിലെ റിട്ട്-റിവ്യു ഹരജികള്‍ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകനുമായി കമ്മിഷണര്‍ കൂടിക്കാഴ്ച നടത്തും.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി വന്ന ശേഷം നടതുറന്ന രണ്ട് അവസരങ്ങളിലും ശബരിമല സംഘര്‍ഷഭരിതമായിരുന്നു. സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന് നേരിട്ട തടസ്സങ്ങളും ദേവസ്വം ബോര്‍ഡിനെതിരെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധങ്ങളുമടക്കം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാനാണ് നീക്കം. അതേസമയം, ക്രമസമാധാന പ്രശ്നങ്ങളില്‍ അവസാനവാക്ക് സര്‍ക്കാരിന്‍റേതാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
സുപ്രീം കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്യാമ സുന്ദരവുമായി ദേവസ്വം കമ്മിഷണര്‍ എന്‍. വാസു നാളെ കൂടിക്കാഴ്ച നടത്തുക. യുവതീ പ്രവേശനമാകാമെന്ന വിധിക്കെതിരെ നാല്‍പ്പതിലധികം പുന:പരിശോധന ഹര്‍ജികളും മൂന്ന് റിട്ട് ഹര്‍ജികളുമാണ് ചൊവ്വാഴ്ച്ച സുപ്രീം കോടതി പരിഗണിക്കുന്നത്. സുപ്രീം കോടതി എന്ത് തീരുമാനമെടുത്താലും മണ്ഡലകാല തീര്‍ഥാടനത്തില്‍ പ്രതിഫലിക്കുമെന്നതിനാല്‍ പുന:പരിശോധന ഹര്‍ജികളിലെ ബോര്‍ഡിന്റെ നിലപാട് നിര്‍ണ്ണായകമാണ്.