< Back
Kerala
മുഖം തിരിച്ച് അധികാരികള്‍; ഭൂമിയിലിടമില്ലാതെ ദുരിതം പേറി ആദിവാസികള്‍ 
Kerala

മുഖം തിരിച്ച് അധികാരികള്‍; ഭൂമിയിലിടമില്ലാതെ ദുരിതം പേറി ആദിവാസികള്‍ 

Web Desk
|
14 Nov 2018 9:30 PM IST

മഴയും കാറ്റും ഉണ്ടാകുമ്പോൾ മരക്കൂട്ടങ്ങൾക്ക് താഴെയുള്ള കുടിലുകളിൽ ഭയപ്പാടോടെയാണ് കുടുംബങ്ങള്‍ ജീവിക്കുന്നത്.

എറണാകുളം ജില്ലയിലെ സ്വന്തമായി സ്ഥലമില്ലാത്ത ആദിവാസി കുടുംബങ്ങളെ നേര്യമംഗലത്ത് പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ നീളുന്നതായി പരാതി. അനുവദിച്ച സ്ഥലത്തെ മരങ്ങൾ വെട്ടി നീക്കാത്തതാണ് ആദിവാസി കുടുംബങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

എറണാകുളം ജില്ലയിലെ ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാൻ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിന് സമീപമായി 42 ഏക്കർ സ്ഥലമാണ് സർക്കാർ കണ്ടെത്തിയത്. 2015ൽ നൂറോളം കുടുംബങ്ങൾ ഇവിടെ താത്കാലിക കുടിലുകൾ ഉണ്ടാക്കി താമസം ആരംഭിക്കുകയും രണ്ട് വർഷം മുമ്പ് 97 കുടുംബങ്ങൾക്ക് പട്ടയം നൽകുകയും ചെയ്തിരുന്നു.

എന്നാൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ഭൂരിപക്ഷം കുടുംബങ്ങളും ഇവിടം വിട്ടൊഴിയുകയാണുണ്ടായത്. ഇപ്പോള്‍ 27 കുടുംബങ്ങൾ മാത്രമാണ് ഇവിടെ അവശേഷിഷിക്കുന്നത്. മഴയും കാറ്റും ഉണ്ടാകുമ്പോൾ മരക്കൂട്ടങ്ങൾക്ക് താഴെയുള്ള കുടിലുകളിൽ ഭയപ്പാടോടെയാണ് കുടുംബങ്ങള്‍ ജീവിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെങ്കിലും വീടുകളിൽ വൈദ്യുതി വത്കരിക്കണമെങ്കിലും മരങ്ങൾ മുറിച്ചു നീക്കിയാലെ സാധിക്കുകയുള്ളൂ.

വനം വകുപ്പിന്റെ അധീനതയിലുള്ള മരങ്ങൾ വെട്ടി നീക്കിയാൽ മാത്രമേ ഇവർക്ക് വീടുകൾ നിർമിക്കാനും വഴി സൗകര്യമൊരുക്കാനും സാധിക്കു. പരാതികളെ തുടർന്ന് മരം വെട്ടി നീക്കാൻ വനം വകുപ്പ് ലേലം ക്ഷണിച്ചെങ്കിലും ഇത് നടക്കാതെ പോവുകയായിരുന്നു. പ്രാഥമിക സൗകര്യങ്ങൾക്ക് പോലും നിവൃത്തിയില്ലാതായതോടെ മരങ്ങള്‍ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് വീണ്ടും സമരം തുടങ്ങാനാണ് ആദിവാസികളുടെ തീരുമാനം.

Similar Posts