< Back
Kerala
പി.കെ ശശിക്കെതിരായ ലൈംഗിക പരാതി;നിയമസഭാ സമ്മേളനത്തിന് മുന്‍പ് സി.പി.എം തീരുമാനമെടുക്കും
Kerala

പി.കെ ശശിക്കെതിരായ ലൈംഗിക പരാതി;നിയമസഭാ സമ്മേളനത്തിന് മുന്‍പ് സി.പി.എം തീരുമാനമെടുക്കും

Web Desk
|
14 Nov 2018 1:38 PM IST

ഈ മാസം 23 ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശശിക്കെതിരായ പാർട്ടി നടപടി തീരുമാനിച്ചേക്കും. 

നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികപരാതിയുടെ കാര്യത്തിൽ സി.പി.എം തീരുമാനമെടുക്കും. ഈ മാസം 23 ന് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ശശിക്കെതിരായ പാർട്ടി നടപടി തീരുമാനിച്ചേക്കും. പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് വനിത നേതാവ് വീണ്ടും കേന്ദ്ര നേതൃത്യത്തെ സമീപിച്ചതോടെയാണ് സംസ്ഥാന നേതൃത്വം വിഷയം പരിഗണിക്കാൻ തീരുമാനിച്ചത്.

ഷൊർണ്ണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ പാലക്കാടുള്ള ഡി.വൈ.എഫ്.ഐ വനിത നേതാവ് ആഗസ്റ്റ് 14നാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത്. ഇതന്വേഷിക്കാൻ എ.കെ ബാലൻ, പി.കെ ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് രണ്ട് മാസമായിട്ടും നടപടിയുണ്ടായില്ല.ഇതേ തുടർന്നാണ് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.27 ന് നിയമസഭ കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ അതിന് മുന്നോടിയായി തന്നെ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സി.പി.എം ധാരണയിലെത്തിയിട്ടുണ്ട്. സഭ തുടങ്ങുന്നതിന് മുൻപ് വിഷയം പരിഹരിച്ചില്ലെങ്കിൽ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

നിലവിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ശശിയെ ബ്രാഞ്ചിലേക്കോ, ലോക്കൽ കമ്മിറ്റിയിലേക്കോ തരം താഴ്ത്തിയേക്കാനാണ് സാധ്യത. എം.എൽ.എ ആയതുകൊണ്ട് പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതടക്കമുള്ള കടുത്ത നടപടികൾ ഉണ്ടായേക്കില്ല. പി.കെ ശശി പാർട്ടി വേദികളിൽ വീണ്ടും സജീവമാകുന്നതിൽ പാലക്കാട് ജില്ലയിലുള്ള നേതാക്കൾക്ക് അതൃപ്തിയുണ്ട്. മാത്രമല്ല ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളത്തിൽ വിഷയം ചർച്ചക്ക് വന്നതും കൂടി പരിഗണിച്ചാണ് നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ സി.പി.എം നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. 23 നുള്ള സംസ്ഥാന കമ്മിറ്റി യോഗത്തിന് മുൻപ് സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്ന് നടപടിയുടെ കാര്യത്തിൽ ധാരണയിലെത്തും.

Related Tags :
Similar Posts