< Back
Kerala
കെ. സുരേന്ദ്രന്‍ റിമാന്‍ഡില്‍
Kerala

കെ. സുരേന്ദ്രന്‍ റിമാന്‍ഡില്‍

Web Desk
|
18 Nov 2018 2:37 PM IST

അന്യായമായി സംഘം ചേരുക, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്. കേസിനെ നിയമപരമായി നേരിടുമെന്ന് സുരേന്ദ്രന്‍...

വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ച ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സുരേന്ദ്രന്‍ ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സുരേന്ദ്രനെ റിമാന്റ് ചെയ്തത്. അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

കഴിഞ്ഞദിവസം രാത്രിയിലാണ് നിലയ്ക്കല്‍ നിന്ന് കെ സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചിറ്റാര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് സ്‌റ്റേഷനുമുന്നില്‍ നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ കുത്തിയിരുന്നുവെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി സുരേന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചു.

പൊലീസ് തന്നെ മര്‍ദ്ദിച്ചതായി സുരേന്ദ്രന്‍ ആരോപിച്ചെങ്കിലും വൈദ്യപരിശോധനയില്‍ പരിക്കൊന്നും സുരേന്ദ്രനില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഘം ചേരുക, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീകുറ്റങ്ങളാണ് സുരേന്ദ്രനുമേല്‍ ചുമത്തിയത്.

സുരേന്ദ്രന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് റിമാന്റിലായ കെ സുരേന്ദ്രനേയും മറ്റ് രണ്ട്‌പേരെയും കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി.

സന്നിധാനത്തേക്ക് പോകാന്‍ പുറപ്പെട്ട ബി.ജെ.പി. നേതാവ് കെ.സുരേന്ദ്രനെ ഇന്നലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിലക്കലില്‍ വച്ചായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. നീണ്ട നേരത്തെ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിശ്ചിത നേതാക്കളെ പൊലീസ് നിയന്ത്രണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന പൊലീസ് നടപടിയെത്തുടര്‍ന്നാണ് സുരേന്ദ്രനെ തടഞ്ഞത്. എന്ത് വന്നാലും സന്നിധാനത്തെത്തുമെന്ന് സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധ ദിനം നടത്തുകയാണ്. സംസ്ഥാനത്തെ പ്രധാന ദേശീയ പാതകളില്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിക്കും. ദേശീയ പാതകളില്‍ വാഹനങ്ങള്‍ തടയും. എല്ലാ ജില്ലകളിലും പ്രതിഷേധമാര്‍ച്ച് നടത്തുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള പറഞ്ഞു.

Similar Posts