< Back
Kerala
നിപ വൈറസ് ബാധിച്ച് മരിച്ചത് 18 പേര്‍ തന്നെയെന്ന് ആരോഗ്യമന്ത്രി
Kerala

നിപ വൈറസ് ബാധിച്ച് മരിച്ചത് 18 പേര്‍ തന്നെയെന്ന് ആരോഗ്യമന്ത്രി

Web Desk
|
24 Nov 2018 8:37 PM IST

23 പേര്‍ക്ക് നിപ ബാധയുണ്ടായി. അതില്‍ 21 പേര്‍ മരിച്ചുവെന്നാണ് മെഡിക്കല്‍ ജേര്‍ണലില്‍‌ പറയുന്നത്.

നിപ വൈറസ് ബാധിച്ച് മരിച്ചത് പതിനെട്ട് പേര്‍ തന്നെയെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. ബ്രിട്ടീഷ് ജേര്‍ണലില്‍ പറയുന്ന അഞ്ച് പേരുടെ മരണ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിപ വൈറസ് ബാധയെ തുടര്‍ന്ന് ഇരുപത്തിയൊന്ന് പേര്‍ മരിച്ചുവെന്ന് ബ്രിട്ടീഷ് ജേര്‍‌ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ പ്രകാരം മെയ് 5ന് മരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി സ്വാലിഹാണ് നിപ വൈറസിന്റെ ആദ്യ ഇര. സ്വാലിഹിന് മുന്പ് മരിച്ച സഹോദരന്‍ സാബിത്തിനും നിപ സംശയിച്ചിരുന്നുവെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ല. വൈറസ് ബാധയുണ്ടായവരില്‍ 18 പേര്‍ മരിച്ചുവെന്നുമാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക രേഖ. 23 പേര്‍ക്ക് നിപ ബാധയുണ്ടായി. അതില്‍ 21 പേര്‍ മരിച്ചുവെന്നാണ് മെഡിക്കല്‍ ജേര്‍ണലില്‍‌ പറയുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റേഡിയോളജി അസിസ്റ്റന്‍റ് ഉള്‍പ്പെടെ രണ്ട് പേരും, പേരാമ്പ്ര താലൂക്കാശുപത്രിയും ബാലുശേരി സര്‍ക്കാര്‍ ആശുപത്രിയിലുമായി മൂന്നുപേരും മരിച്ചത് നിപ ബാധിച്ചാണ്. സാഹചര്യത്തെളിവുകള്‍ മുന്നില്‍ വച്ചാണ് ഗവേഷണ സംഘം ഈ നിഗമനത്തില്‍ എത്തുന്നത്. എന്നാല്‍ അഞ്ച് പേരുടെ മരണം നിപ കാരണമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു

ആശുപത്രികളിലെ രജിസ്റ്റര്‍, നിപ വൈറസ് ബാധിത മേഖലകളില്‍ നടത്തിയ പഠനം, രോഗികളുമായി ഇടപഴകിയവരില്‍ നടത്തിയ പഠനം എന്നിവയുടെ അടിസ്ഥാനത്തിലാണ് മെയ് അഞ്ചിന് മുമ്പ് മരിച്ചവരുടെ മരണം നിപയെ തുടര്‍ന്ന് തന്നെയാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം, സംസ്ഥാന ആരോഗ്യവകുപ്പ്, പുനെ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ട്, മണിപ്പാല്‍ റിസേര്‍ച്ച് സെന്‍റര്‍, ചെന്നൈയിലെ എപിഡമോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ ഒമ്പത് സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഗവേഷണം നടത്തിയത്. ആരോഗ്യസെക്രട്ടറി രാജീവ് സദാനന്ദന്‍, വൈറോളജി ശാസ്ത്രജ്ഞന്‍ അരുണ്‍ കുമാര്‍ എന്നിവരടങ്ങുന്ന പതിനാലംഗ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Related Tags :
Similar Posts