< Back
Kerala
പഞ്ചായത്ത് ഓഫീസില്‍ അഭയം ചോദിച്ച് ഓടിക്കയറി ഉഗാണ്ട സ്വദേശിനി
Kerala

പഞ്ചായത്ത് ഓഫീസില്‍ അഭയം ചോദിച്ച് ഓടിക്കയറി ഉഗാണ്ട സ്വദേശിനി

Web Desk
|
26 Nov 2018 7:30 PM IST

ഒമാന്‍ സ്വദേശിയായ രോഗിയെ പരിചരിക്കാന്‍ ഉണ്ണികുളത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെത്തിയതായിരുന്നു 24-കാരി.

ഉഗാണ്ട സ്വദേശിനി കോഴിക്കോട് ഉണ്ണികുളം പഞ്ചായത്ത് ഓഫീസില്‍ അഭയം ചോദിച്ച് ഓടിക്കയറി. രോഗിയെ പരിചരിക്കാന്‍ എത്തിയ തന്നെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. ഒമാന്‍ സ്വദേശിയായ രോഗിയെ പരിചരിക്കാന്‍ ഉണ്ണികുളത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെത്തിയതായിരുന്നു 24-കാരി.

ഹോം നേഴ്സായ നെയ്ഡുബോ മോണിക്കയാണ് ഒമാനിലെ പോലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ബാദി മര്‍ദ്ദിച്ചുവെന്ന പരാതിയുമായി ഉണ്ണികുളം പഞ്ചായത്ത് ഓഫീസിലേക്ക് ഓടിക്കയറിയത്. പ്രസിഡന്റ് ഇടി ബിനോയിയും സഹപ്രവര്‍ത്തകരും അപ്പോള്‍ ഓഫീസിലുണ്ടായിരുന്നു. മുഹമ്മദ് അല്‍ബാദിയുടെ മകനെ പരിചരിക്കാന്‍ എത്തിയ തന്നെ മര്‍ദ്ദിച്ചുവെന്ന പരാതിയാണ് യുവതി ഉയര്‍ത്തിയത്. ഒരു മാസത്തെ ശമ്പളം നല്‍കിയില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി ഉപദ്രവിച്ചെന്ന് യുവതി പറഞ്ഞ ഒമാന്‍ സ്വദേശിയേയും വിളിച്ച് വരുത്തി. പോലീസ് സാന്നിദ്ധ്യത്തിലും ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി.

ഒമാനിലെ ഏജന്‍സി വഴി എത്തിയ യുവതിയെ അങ്ങോട്ട് തന്നെ തിരിച്ച് വിടണമെന്നായിരുന്നു മുഹമ്മദ് അല്‍ബാദിയുടെ ആവശ്യം. എന്നാല്‍ ഉഗാണ്ടയിലേക്ക് പോകണമെന്ന നിലപാടില്‍ യുവതി ഉറച്ച് നിന്നു. പോലീസ് മധ്യസ്തത വഹിച്ചതിനെത്തുടര്‍ന്ന് യുവതിയുടെ ആവശ്യം അംഗീകരിച്ചതോടെ നെയ്ഡുബോ മോണിക്കയെ നാട്ടിലേക്ക് തിരിച്ചയച്ചു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Similar Posts