
ശശിയുടെ സസ്പെന്‍ഷന്‍ പാലക്കാട് സി.പി.എമ്മിലെ വിഭാഗീയത രൂക്ഷമാക്കും
|ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തില്‍ പ്രബല വിഭാഗത്തിന്റെ പിന്തുണയുണ്ടായിട്ടും കടുത്ത നടപടി നേരിടേണ്ടി വന്നതില്‍ ശശി അനുകൂല വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.
പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പാലക്കാട് ജില്ലയിലെ സി.പി.എമ്മില്‍ നിലനില്‍ക്കുന്ന വിഭാഗീയത വരും നാളുകളില്‍ രൂക്ഷമാക്കാന്‍ വഴിയൊരുക്കും. ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തില്‍ പ്രബല വിഭാഗത്തിന്റെ പിന്തുണയുണ്ടായിട്ടും കടുത്ത നടപടി നേരിടേണ്ടി വന്നതില്‍ ശശി അനുകൂല വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. പരാതിക്കാരിയായ വനിതാ നേതാവ് പാര്‍ട്ടി അച്ചടക്കം ലംഘിക്കാതെ പരാതിയില്‍ ഉറച്ചു നിന്നതാണ് പി.കെ ശശിയെയും അനുകൂലിച്ചവരെയും കൂടുതല്‍ വെട്ടിലാക്കിയത്.
പി.കെ ശശിക്കെതിരെ ഉയര്‍ന്ന പരാതിയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിച്ചതും വിഭാഗീയതയെത്തുടര്‍ന്നാണെന്നും പാര്‍ട്ടിക്കുള്ളില്‍ ശശിയോട് എതിര്‍പ്പുള്ള വിഭാഗമാണ് അതിന് പിറകിലെന്നുമാണ് ജില്ലയില്‍ ശശിയെ അനുകൂലിച്ചിരുന്ന സി.പി.എമ്മിലെ പ്രബല വിഭാഗത്തിന്റെ നിലപാട്. കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയ ഘട്ടത്തിലും ഈ വാദഗതികള്‍ ഉയര്‍ന്നു വന്നിരുന്നു. പരാതിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നതുള്‍പ്പെടെ എല്ലാം അന്വേഷിക്കുമെന്ന് ഒരു ഘട്ടത്തില്‍ എ.കെ ബാലന്‍ അടക്കം പറയുകയും ചെയ്തു. ജില്ലയിലെ സി.പി.എം ഘടകത്തില്‍ ശശിയ്ക്കുള്ള പിന്തുണയും സ്വാധീനവും മൂലമാണ് പരാതിക്കാരിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങളും പൊതു വേദികളില്‍ ശശിയെ സജീവമാക്കാനുള്ള തീരുമാനവും എല്ലാം ഉണ്ടായത്.
പക്ഷേ പരസ്യമായി എവിടെയും പ്രതികരിക്കാതെ തികച്ചും പാര്‍ട്ടി ചട്ടക്കൂടില്‍ ഒതുങ്ങി നിന്നു കൊണ്ട് വനിതാ നേതാവ് മുന്നോട്ടു പോയത് ശശിക്കും അനുകൂല വിഭാഗത്തിനും തിരിച്ചടിയായി. പരാതിക്കു പിറകില്‍ പ്രവര്‍ത്തിച്ചവരെന്ന് പി കെ ശശി ചൂണ്ടിക്കാട്ടിയവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അതുണ്ടാവാഞ്ഞത് തിരിച്ചടിയുടെ ആഘാതം കൂട്ടി. പാലക്കാട് ജില്ലയില്‍ സി.പി.എമ്മിനകത്ത് നിലനില്‍ക്കുന്ന വിഭാഗീയതയുമായി ബന്ധപ്പെട്ട് വലിയ പ്രത്യാഘാതങ്ങളായിരിക്കും ഇപ്പോഴത്തെ നടപടി ഉണ്ടാക്കുക.