< Back
Kerala

Kerala
ബോഡോ തീവ്രവാദികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ കൊച്ചിയില്‍ പിടിയില്‍
|29 Nov 2018 2:40 PM IST
കൊച്ചി മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്നാണ് മൂന്ന് അസം സ്വദേശികളെ കസ്റ്റഡിയിലെടുത്തത്.
കൊച്ചി മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. ഇവര്‍ ബോഡോ തീവ്രവാദികളാണെന്നാണ് പൊലീസ് പറയുന്നത്. 2017ല്‍ അസമിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികളാണിവരെന്ന് കൊച്ചി ഡി.സി.പി ഹിമേന്ദ്രനാഥ് അറിയിച്ചു.
അസം പൊലീസില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പെരുമ്പാവൂര്‍ മേഖലയില്‍ ഇവര്‍ക്കായി തെരച്ചില്‍ നടത്തിയത്. പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ മൂവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
പ്രാഥമിക ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചെന്ന് ഡി.സി.പി പറഞ്ഞു. ഒരു മാസം മുന്‍പാണ് ഇവര്‍ അസമില്‍ നിന്ന് കേരളത്തിലെത്തിയത്. അസം പൊലീസിന് ഇവരെ കൈമാറും.