
ശബരിമല സമരത്തെ ചൊല്ലി ബി.ജെ.പിയില്‍ കടുത്ത ഭിന്നത
|സന്നിധാനത്തെയും നിലയ്ക്കലെയും സമരത്തില്‍ നിന്ന് പിന്‍മാറിയതിന് എതിരെ വി മുരളീധരപക്ഷം പരസ്യമായി രംഗത്തെത്തി.
ശബരിമല സമരത്തെ ചൊല്ലി കേരള ബി.ജെ.പിയില്‍ കടുത്ത ഭിന്നത. സന്നിധാനത്തെയും നിലയ്ക്കലെയും സമരത്തില്‍ നിന്ന് പിന്‍മാറിയതിന് എതിരെ വി മുരളീധരപക്ഷം പരസ്യമായി രംഗത്തെത്തി. എന്നാല്‍ സന്നിധാനത്ത് ഇതുവരെ ബി.ജെ.പി സമരം ചെയ്തിട്ടില്ലെന്നാണ് ശ്രീധരന്‍ പിള്ളയുടെ വാദം. ഇന്ന് വൈകിട്ട് കോഴിക്കോട് ചേരുന്ന ബി.ജെ.പി നേതൃയോഗത്തില്‍ ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നാണ് സൂചന.
കെ.പി ശശികലയുടെ അറസ്റ്റിനെതിരെ സ്വീകരിച്ച നിലപാട് പോലും സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയും കൂട്ടരും കെ.സുരേന്ദ്രന്റെ കാര്യത്തില്‍ കൈകൊണ്ടില്ലെന്ന് തുടക്കം മുതല്‍ തന്നെ വി. മുരളീധരപക്ഷത്തിന് പരാതിയുണ്ട്. ഇവരുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം പിന്നീട് ചില ഇടപെടലുകള്‍ നടത്തിയത്. ഇതിന് പിന്നാലെയാണ് ശബരിമലയിലെ പ്രക്ഷോഭത്തില്‍ നിന്ന് ബി.ജെ.പി തന്ത്രപരമായി പിന്‍മാറുന്നത്. സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനവും ശ്രീധരന്‍ പിള്ളക്കെതിരെ ആയുധമാക്കുമെന്ന് മറുപക്ഷം സൂചന നല്‍കിക്കഴിഞ്ഞു.
ശബരിമല സന്നിധാനത്ത് ബി.ജെ.പി സമരത്തിന് നേതൃത്വം നല്‍കിയിട്ടില്ലെന്നാണ് ഇതിന് ശ്രീധരന്‍പിള്ള നല്‍കുന്ന മറപുടി. സമരം വ്യാപിപ്പിക്കുകയാണെന്നും പിള്ള വിശദീകരിക്കുന്നു. ഇതിനിടെ സുരേന്ദ്രന്‍ വിഷയത്തില്‍ മുഖം മിനുക്കാന്‍ ശ്രീധരന്‍പിള്ള നീക്കം തുടങ്ങി. സുരേന്ദ്രനെ ഇന്ന് കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശ്രീധരന്‍പിള്ള നേരിട്ടെത്തി. സംസ്ഥാന നേതൃ യോഗത്തിന് ശേഷം അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ വിഷയം കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തിക്കാനാണ് മുരളീധര പക്ഷത്തിന്റെ ആലോചന.