
ദേശീയ ദുരന്ത പ്രതിരോധ കേന്ദ്രം സ്ഥാപിക്കാന്‍ എം.പിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി
|പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ എം.പിമാരുടെ യോഗം വിളിച്ചത്
കേരളത്തിൽ ദേശീയ ദുരന്ത പ്രതിരോധ കേന്ദ്രം സ്ഥാപിക്കാന്‍ എം.പിമാരുടെ ഇടപെടല്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ വായ്പാ പരിധി വർധിപ്പിക്കാനും ശ്രമിക്കണം. ഇന്ന് ചേർന്ന എം.പിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ആവശ്യമുന്നയിച്ചത്.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി സംസ്ഥാനത്തെ എം.പിമാരുടെ യോഗം വിളിച്ചത്. പ്രളയാനന്തര പുനർനിർമ്മാണമായിരുന്നു പ്രധാന അജണ്ട. കാലാവസ്ഥ വ്യതിയാനം മൂലം കേരളവും ദുരന്തങ്ങളുടെ പിടിയിലാണ്. ഇനിയൊരു ദുരന്തമുണ്ടായാൽ അതിനെ നേരിടാൻ കേരളത്തിൽ ദേശീയ ദുരന്ത പ്രതിരോധ കേന്ദ്രം സ്ഥാപിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2500 കോടി രൂപ കൂടി കേരള പുനർനിർമാണത്തിന് അനുവദിച്ചിട്ടുണ്ട്. കേന്ദ്ര കാബിനറ്റിന്റെ അംഗീകാരം കിട്ടിയാലേ ഇത് നടപ്പിലാകൂ. അത് വേഗത്തിൽ ലഭ്യമാക്കാൻ എം.പിമാർ കേന്ദ്ര സർക്കാരിൽ കൂടുതൽ സമ്മർദ്ദം ചെലുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.
എം.പി ഫണ്ടിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ വീതം സംഭാവന നൽകാൻ തീരുമാനിച്ചതില്‍ ഇതു വരെ 50 കോടി ലഭിച്ചു. ബാക്കി ലഭ്യമാക്കാൻ സംസ്ഥാനം കൂടി ശ്രമിക്കണമെന്ന് യോഗത്തിൽ എം.ബി രാജേഷ് ആവശ്യപ്പെട്ടു. പ്രളയം നേരിടാൻ കേന്ദ്രം സഹായിച്ചതിന്‍റെ ചിലവ് ആവശ്യപ്പെട്ടതിലെ പ്രതിഷേധവും യോഗത്തിലുയര്‍ന്നു.