< Back
Kerala
ശബരിമലയില്‍ മായം കലര്‍ന്ന ഭക്ഷണം വിതരണം ചെയ്താല്‍ പിടിവീഴും
Kerala

ശബരിമലയില്‍ മായം കലര്‍ന്ന ഭക്ഷണം വിതരണം ചെയ്താല്‍ പിടിവീഴും

Web Desk
|
1 Dec 2018 9:52 AM IST

ഇത്തരക്കാരെ പിടികൂടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് സഞ്ചരിക്കുന്ന പരിശോധനാ ലാബ് ഒരുക്കി. നിലയ്ക്കലും എരുമേലിയും കേന്ദ്രീകരിച്ചാണ് മൊബൈൽ ലാബുകൾ പ്രവർത്തിക്കുന്നത്

ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് മായം കലർന്നതോ പഴകിയതോ ആയ ഭക്ഷണം വിതരണം ചെയ്താൽ കൈയോടെ പിടികൂടും. ഇത്തരക്കാരെ പിടികൂടാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് സഞ്ചരിക്കുന്ന പരിശോധനാ ലാബ് ഒരുക്കി. നിലയ്ക്കലും എരുമേലിയും കേന്ദ്രീകരിച്ചാണ് മൊബൈൽ ലാബുകൾ പ്രവർത്തിക്കുന്നത്.

ളാഹ മുതൽ നിലക്കൽ വരെയും നിലക്കൽ മുതൽ തുലാപ്പള്ളി വരെയുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സ്ക്വാഡ് പ്രവർത്തിക്കുന്നത്. കൂടാതെ പമ്പയിലും സന്നിധാനത്തും വെവ്വേറെ സ്ക്വാഡുകളുണ്ട്. ഇതിന് പുറമെ എരുമേലിയിലും നിലക്കലിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അത്യാധുനിക മൊബൈൽ പരിശോധനാ ലാബും സജ്ജീകരിച്ചിട്ടുണ്ട്. കടകളിൽ നേരിട്ടെത്തി ഉദ്യോഗസ്ഥർ ഭക്ഷണ സാമ്പിളുകൾ ശേഖരിക്കും. സംശയാസ്പദമായ രീതിയിൽ ശ്രദ്ധയിൽപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ മൊബൈൽ ലാബിൽ തത്സമയം പരിശോധിക്കും. ഭക്ഷ്യ വസ്തുക്കളിൽ മായം കണ്ടെത്തിയാൽ ഫൈൻ ഈടാക്കുന്നതുൾപ്പടെ കർശന നടപടികൾ സ്വീകരിക്കും.

ഹോട്ടലുകളും മറ്റും പരിശോധിച്ച് കുടിവെള്ളം, ധാന്യവർഗങ്ങൾ തുടങ്ങി തീർത്ഥാടകർക്ക് നൽകുന്ന ഭക്ഷ്യ ഉല്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുകയാണ് സ്ക്വാഡിന്റെ പ്രധാന ദൗത്യം. ഇതോടൊപ്പം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ നശിപ്പിക്കാൻ നിർദേശം നൽകുകയും ചെയ്യുന്നു. എല്ലാ കടകളിലും ഭക്ഷ്യസുരക്ഷാവകുപ്പ് ടോൾഫ്രീ നമ്പർ പ്രദർശിപ്പിച്ചിട്ടുണ്ട്. തീർഥാടകരുടെ പരാതികൾ ലഭിച്ചാൽ ഉടൻ പരിശോധന നടത്താനും സംവിധാനമുണ്ട്.

Related Tags :
Similar Posts