< Back
Kerala
‘ശരണമന്ത്രം പോലും രാഷ്ട്രീയ മുദ്രാവാക്യമാക്കി’; ശബരിമല കേസുകളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ഹര്‍ജി
Kerala

‘ശരണമന്ത്രം പോലും രാഷ്ട്രീയ മുദ്രാവാക്യമാക്കി’; ശബരിമല കേസുകളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ ഹര്‍ജി

Web Desk
|
3 Dec 2018 8:09 PM IST

‘ശബരിമലയില്‍ വലതുപക്ഷ സംഘടനകളുടെ പ്രതിഷേധവും അക്രമ സാധ്യതയും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരാണ് മുന്നറിയിപ്പ് തന്നത്’

ശരണമന്ത്രം വലതുപക്ഷ സംഘടനകള്‍ ശബരിമലയില്‍ രാഷ്ട്രീയ മുദ്രാവാക്യമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സുരക്ഷാ സന്നാഹങ്ങള്‍ക്ക് സുപ്രീംകോടതി സംരക്ഷണം തന്നില്ലെങ്കില്‍ ബുദ്ധിമുട്ടാകും. ശബരിമല വിഷയത്തില്‍ കേരള ഹൈക്കോടതിയില്‍ ഉള്ള എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ശബരിമലയില്‍ വലതുപക്ഷ സംഘടനകളുടെ പ്രതിഷേധവും അക്രമ സാധ്യതയും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരാണ് മുന്നറിയിപ്പ് തന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സുരക്ഷയും മറ്റു സന്നാഹങ്ങളും ഒരുക്കിയത്. ഇത് ഭക്തര്‍ക്ക് ഗുണം ചെയ്തു. സുഖ ദര്‍ശനം സാധ്യമായി. വലിയ അളവില്‍ ഭക്തരെത്തി. എന്നാല്‍ ഇതിനിടെ ഭക്തരുടെ വേഷത്തിലെത്തിയവര്‍ ദര്‍ശനത്തിനെത്തിയ യുവതികളെ അക്രമിച്ചു. ‘സ്വാമിയേ അയ്യപ്പാ’ എന്ന ശരണം വിളിപോലും രാഷ്ട്രീയ വലതുപക്ഷ സംഘടനകള്‍ ആയുധമാക്കി എന്നും ഹര്‍ജിയിലുണ്ട്.

ഭക്തരെയും ക്ഷേത്രത്തെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൈകൊണ്ട സന്നാഹങ്ങളെയും നിയന്ത്രണത്തെയുമാണ് ഹൈക്കോടതിയിലെ ഹര്‍ജികള്‍ ചോദ്യം ചെയ്യുന്നത്. ശബരിമലയില്‍ നിരീക്ഷിണ സമിതിയെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടുള്ളതടക്കം ആകെ 23 റിട്ട് ഹര്‍ജികള്‍ ഹൈക്കോടതിയിലുണ്ട്. ഇവയെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണം. ഈ ഹര്‍ജികളിലെ ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍‌ ആവശ്യപ്പെടുന്നു. ഹര്‍ജി അടിയന്തമായി പരിഗണിക്കാന്‍ നാളെയോ മറ്റന്നാളോ അഭിഭാഷകര്‍ ആവശ്യപ്പെടും.

Similar Posts