< Back
Kerala
ജലീലിനെതിരായ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
Kerala

ജലീലിനെതിരായ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

Web Desk
|
4 Dec 2018 1:46 PM IST

മന്ത്രി ബന്ധുവിന് ക്രമവിരുദ്ധമായി നിയമനം നല്‍കിയെന്നും കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

ജലീലിനെതിരായ ബന്ധു നിയമന വിവാദം നിയമ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. മന്ത്രി ബന്ധുവിന് ക്രമവിരുദ്ധമായി നിയമനം നല്‍കിയെന്നും കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കെ മുരളീധരന്‍ കുറ്റപ്പെടുത്തി.

എന്നാല്‍ അദീബിന്റെ നിയമനത്തില്‍ സത്യപ്രതിജ്ഞാ ലംഘനമോ നിയമലംഘനമോ ഉണ്ടായിട്ടില്ലെന്നും സര്‍ക്കാറിന് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യത ഉണ്ടാക്കിയില്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. തുടര്‍ന്നാണ് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചത്. അഴിമതിക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കോൺട്രാക്ട് എടുത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.

യോഗ്യതാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് മന്ത്രി രേഖാമൂലം ആവശ്യപ്പെട്ടതിനാലാണെന്ന് കെ മുരളീധരന്‍ പറഞ്ഞു. ജനറൽ മാനേജർ തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി. ഇതിനായി എം.ബി.എ എന്ന യോഗ്യത ബിടെക് ആക്കി കുറച്ചതായും മുരളീധരന്‍ പറഞ്ഞു.

നിയമസഭയുടെ അ‍ഞ്ചാം ദിവസം ബഹളമില്ലാതെയായിരുന്നു തുടക്കം. സഭ ചേര്‍ന്ന ഉടനെ സഭ തടസപ്പെടുത്താന്‍ ഉദ്ദേശമില്ലെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചു. ചോദ്യോത്തരവേളയില്‍ മന്ത്രി കെ.ടി ജലീല്‍ മറുപടി പറയാന്‍ എഴുന്നേറ്റതോടെ പ്രതിപക്ഷം ബഹളം വെക്കുകയായിരുന്നു.

Related Tags :
Similar Posts