< Back
Kerala
വനിത മതിലിന് ഇടത് മുന്നണി ഇന്ന് പിന്തുണ പ്രഖ്യാപിച്ചേക്കും
Kerala

വനിത മതിലിന് ഇടത് മുന്നണി ഇന്ന് പിന്തുണ പ്രഖ്യാപിച്ചേക്കും

Web Desk
|
4 Dec 2018 8:51 AM IST

പരിപാടി വിജയിപ്പിക്കാനുള്ള പ്രചരണപരിപാടികള്‍ അടക്കം ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യും.

ജനുവരി ഒന്നിന് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വനിത മതിലിന് ഇടത് മുന്നണി ഇന്ന് പിന്തുണ പ്രഖ്യാപിച്ചേക്കും. പരിപാടി വിജയിപ്പിക്കാനുള്ള പ്രചരണ പരിപാടികള്‍ അടക്കം ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം ചര്‍ച്ച ചെയ്യും. മുന്നണി വിപുലീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടക്കും

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിന് നടത്താന്‍ തീരുമാനിച്ച വനിത മതിലിനെതിരെ പ്രതിപക്ഷവും എന്‍.എസ്.എസും അടക്കം രംഗത്ത് വന്ന സാഹചര്യത്തില്‍ പരിപാടി വിജയപ്പിക്കേണ്ട ബാധ്യത സര്‍ക്കാരിന്റെയും ഇടത് മുന്നണിയുടേത് കൂടിയായിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഇന്ന് വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മുന്നണി ഘടകക്ഷികളും മുന്നണിമായി സഹകരിക്കുന്നവരും ഒരുമിച്ച് പരിപാടിയില്‍ പരമാവധി സ്ത്രീ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം നേതൃത്വം നല്‍കും. മറ്റ് പ്രചരണപരിപാടികള്‍ എങ്ങനെ നടത്തണമെന്ന കാര്യവും യോഗത്തിന്റെ പരിഗണനക്ക് വരും. യുവതി പ്രവേശനത്തെ എതിര്‍ക്കുന്ന സി.പി സുഗതനെ പരിപാടിയുടെ സംഘാടകസമിതിയില്‍ ഉള്‍പ്പെടുണ്ടേയിരുന്നില്ലെന്ന അഭിപ്രായം ചില ഘടകക്ഷികള്‍ക്കുണ്ട്. അത് ചിലരെങ്കിലും യോഗത്തില്‍ ഉന്നയിച്ചേക്കും.

എന്നാല്‍ പരിപാടി വിജയിപ്പിക്കാനുള്ള പൂര്‍ണ്ണപിന്തുണ ഘടകകക്ഷികള്‍ യോഗത്തില്‍ അറിയിക്കും. സി.പി.എം,സി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ വരും ദിവസങ്ങളില്‍ യോഗം ചേര്‍ന്ന് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയേക്കും. അതേസമയം ശബരമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ പ്രചരണ പരിപാടികളും യോഗത്തില്‍ തീരുമാനിക്കും. അതേസമയം മുന്നണി വിപുലീകരിക്കാന്‍ നേരത്തെ ധാരണയായിരിന്ന സാഹചര്യത്തില്‍ ഇക്കാര്യവും യോഗത്തിന്റെ പരിഗണനക്ക് വരും.ലോക്താന്ത്രിക് ജനതാദള്‍,ഐ.എന്‍.എല്‍,അടക്കമുള്ള ചില.കക്ഷികള്‍ക്ക് മുന്നണി പ്രവേശനം ലഭിച്ചേക്കുമെന്നാണ് സൂചന.

Related Tags :
Similar Posts