< Back
Kerala
നിപ വൈറസ്;  പ്രചരണം വ്യാജമെന്ന് ആരോഗ്യമന്ത്രി
Kerala

നിപ വൈറസ്; പ്രചരണം വ്യാജമെന്ന് ആരോഗ്യമന്ത്രി

Web Desk
|
8 Dec 2018 8:58 AM IST

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടിയുണ്ടാവുമെന്നും ശൈലജ പറഞ്ഞു.

പാലക്കാട് നിപ വൈറസ് കണ്ടെത്തിയെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം വ്യാജമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ നടത്തുന്നവര്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും ഇവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടിയുണ്ടാവുമെന്നും ശൈലജ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കിലും വാട്ട്‌സ് ആപ്പിലുമാണ് പാലക്കാട് നിപ വൈറസ് കണ്ടെത്തിയെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇത് കണ്ടെത്തിയതെന്നും ബ്രോയിലര്‍ കോഴികളില്‍ നിന്നാണ് വൈറസ് പടരുന്നതെന്നുമായിരുന്നു പ്രചരിച്ച സന്ദേശങ്ങളിലുണ്ടായിരുന്നത്.

എന്നാല്‍ ഇത് പൂര്‍ണമായും തെറ്റാണെന്നും നിപ വൈറസ് ബാധ എവിടെയും കണ്ടെത്തിയിട്ടില്ലെന്നും വൈറസ് ബാധ ഉണ്ടാവാതിരിക്കാന്‍ കോഴിക്കോട് മേഖലയില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ശൈലജ പറഞ്ഞു.

വ്യാജ പ്രചരണം നടത്തിയവരില്‍ ഒരാളെ കണ്ടെത്തിയിട്ടുണ്ടെന്നാണ് പൊലീസ് നല്‍കിയ വിവരമെന്നും ഇത്തരം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ശൈലജ പറഞ്ഞു. പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യ വകുപ്പ് കൈക്കൊള്ളുന്ന ശക്തമായ മുന്‍കരുതല്‍ നടപടികളോട് സഹകരിക്കണെന്നും ഗ്രാമപ്പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തിനു ശേഷം ആരോഗ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Related Tags :
Similar Posts