< Back
Kerala
ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുന്ന വീ സ്മൈയില്‍
Kerala

ഭിന്നശേഷിക്കാരെ സ്വയംപര്യാപ്തരാക്കുന്ന വീ സ്മൈയില്‍

Web Desk
|
9 Dec 2018 4:40 PM IST

18 വയസ് കഴിഞ്ഞ ഭിന്നശേഷിക്കാരായ നിരവധി യുവതീ - യുവാക്കളെ സ്വയംപര്യാപ്തരാക്കുക എന്നതിനോടൊപ്പം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപജീവന മാർഗം കണ്ടെത്താനുതകുന്ന പരിശീലനം നൽകുകയാണ് വീ സ്മൈൽ.

പലപ്പോഴായി പലയിടങ്ങളിൽ നിന്നും സുഹൃത്തുക്കൾ വഴി വീ സ്മൈൽ വൊക്കേഷണൽ ആന്റ് ട്രെയ്‍നിങ് സെന്ററിനെ കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ട്. കോഴിക്കോട് രണ്ട് വർഷത്തിലധികം ചെലവഴിച്ചിട്ടും കഴിഞ്ഞ ദിവസമാണ് വീ സ്മൈലിലേക്ക് എന്റെ സുഹൃത്ത് സാന്ദ്രയ്ക്കൊപ്പം എത്തുന്നത്. ഇന്നലെയും ഇന്നുമായി നടക്കാവ് ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിന് സമീപം പൊറ്റങ്ങാടി രാഘവൻ റോഡിലായി നടക്കുന്ന "വീ സ്മൈല്‍ ഔര്‍ ഓണ്‍ എക്സ്പോ" (We smile our own expo") യുടെ കാഴ്ചക്കാരിയായി ഞാൻ എത്തിയപ്പോൾ ഒരു നൂറ് കൂട്ടം കാര്യങ്ങൾ മനസ്സിലൂടെ കടന്നുപോയി.

ഒരു ന്യൂനതയുമില്ലാതെ ശാരീരികവും മാനസികവുമായി ആരോഗ്യവാൻമാരായ നമ്മളൊക്കെ നമ്മുടെ കഴിവുകളെ എത്രത്തോളം ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെന്ന് വിലയിരുത്തുമ്പോൾ ഒരു പടി മുന്നിൽ നിൽക്കുക വീ സ്മൈലിലെ കുട്ടികൾ തന്നെയാണ്. അവരുടെ കുറവുകൾ ഒന്നിനും തടസ്സമല്ലെന്ന് കാണിക്കുമ്പോൾ ഇത്രയും കാലം കുറവുകളാൽ മാറ്റിനിർത്തിയത് എത്രത്തോളം ശരിയാണ്?

അവരുണ്ടാക്കിയ മെഴുകുതിരികൾ, ഗ്രീറ്റിങ് കാർഡ്, പേപ്പർ പേന, പാവ, പൂചട്ടി തുടങ്ങി വസ്തുക്കളുടെ പ്രദർശനത്തോടൊപ്പം വിൽപ്പനയും നടത്തുന്നുണ്ട്. ഫിനോയിൽ, സോപ്പ് പൊടി, ചവിട്ടി, പേപ്പർ ബാഗ്, പേന സ്റ്റാൻഡ് എന്നിങ്ങനെ നീളുന്നു വസ്തുക്കളുടെ ലിസ്റ്റ്. വസ്തുക്കൾ മാത്രമല്ല ഫുഡ് സ്റ്റാളിൽ നിന്നും തത്സമയം പാചകം ചെയ്യുന്ന പഴംപൊരിയും ദോശയുമെല്ലാം തങ്ങൾക്ക് നല്ല രുചികൂട്ടുകളും സമ്മാനിക്കാൻ അറിയാമെന്ന് വിളിച്ചോതുന്നു. കൂടാതെ കലാപരിപാടികളും സന്ദർശിക്കരുടെ മനം നിറയ്ക്കുന്നുണ്ട്.

18 വയസ് കഴിഞ്ഞ ഭിന്നശേഷിക്കാരായ നിരവധി യുവതീ - യുവാക്കളെ സ്വയംപര്യാപ്തരാക്കുക എന്നതിനോടൊപ്പം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഉപജീവന മാർഗം കണ്ടെത്താനുതകുന്ന പരിശീലനം നൽകുകയാണ് വീ സ്മൈൽ. കഴിഞ്ഞ ഒരു വർഷം കൊണ്ട് അവര്‍ ആർജിച്ചെടുത്ത കഴിവുകളെ നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നതിന്റെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. വീ സ്മൈലിന്റെ സ്ഥാപകയായ സൈനബ ടീച്ചറോടൊപ്പം അധികൃതരും അധ്യാപകരും രക്ഷകർത്താക്കളും വളന്റിയേഴ്സും ചേർന്ന് പ്രവർത്തിച്ചതിന്റെ ഫലം കൂടിയാണ് ഇത്തരത്തിലുള്ള എക്സ്പോ.

ഒരു കളങ്കവുമില്ലാത്ത സ്നേഹിക്കുന്ന, തുറന്ന് ചിരിക്കുന്ന, സംസാരിക്കുന്ന ഇവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കാനും കഴിവുകള്‍ കണ്ട് പ്രോത്സാഹിപ്പിച്ച് കൂട്ടുകൂടാനും വീ സ്മൈല്‍ നമ്മളെ ക്ഷണിക്കുന്നു.

സഫ ജൗഹര്‍

Similar Posts