< Back
Kerala
മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു
Kerala

മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

Web Desk
|
10 Dec 2018 11:56 PM IST

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സി.എൻ.ബാലകൃഷ്ണൻ അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയായിരുന്നു അന്ത്യം.

ഒരാഴ്ച മുമ്പാണ് സി.എന്‍ ബാലകൃഷ്ണനെ ന്യൂമോണിയ ബാധയെ തുടര്‍ന്ന് ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ രോഗം അധികമായ അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രാത്രി പതിനൊന്നേകാലോടെ അന്ത്യം സംഭവിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി പൊതുരംഗത്ത് അദ്ദേഹം സജീവമല്ലായിരുന്നു. ദീര്‍ഘകാലം തൃശൂര്‍ ഡി.സി.സി പ്രസിഡന്റായി പ്രവര്‍ത്തിച്ച ബാലകൃഷ്ണന്‍ കെ.പി.സി.സി ട്രഷററായും സേവനമനുഷ്ടിച്ചു. 2011-ലെ തെരഞ്ഞെടുപ്പിലായിരുന്നു ബാലകൃഷ്ണന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കം . സി.പി.എമ്മിലെ എന്‍.ആര്‍ ബാലനെ 6636 വോട്ടുകള്‍ക്ക് സി.എന്‍ ബാലകൃഷ്ണന്‍ തോല്‍പ്പിച്ചു.

നിയമസഭയിലെ കന്നിക്കാരനെ കാത്തിരുന്നത് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ സഹകരണ ഖാദി വകുപ്പ് മന്ത്രിസ്ഥാനമായിരുന്നു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആദ്യ കാല സജീവ പ്രവര്‍ത്തകനായ സി.എന്‍ സഹകാരി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. നിരവധി സഹകരണ സ്ഥാപനങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച സി.എന്‍ രാഷ്ട്രീയത്തിനീതമായ വലിയ സൌഹൃദത്തിനുകൂടി ഉടമയായിരുന്നു. പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരം എൽ.പി. സ്കൂൾ അധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ. തൃശൂർ കോർപ്പറേഷൻ കൗൺസിലർ ഗീത, മിനി എന്നിവർ മക്കളാണ്. രാവിലെ 11ന് തൃശൂര്‍ ഡി.സി.സിയിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.

Similar Posts