
വർഗീയ വികാരം ഇളക്കിവിട്ട് ഭീതിയിലാഴ്ത്തി മുതലെടുക്കാനുള്ള ശ്രമമാണ് ശബരിമലയിലുണ്ടായതെന്ന് സര്‍ക്കാര്‍
|പിറവം വലിയ പള്ളിയുമായി ബന്ധപ്പെട്ട കേസ് ശബരിമലയ്ക്ക് സമാനമല്ലെന്നും സിവിൽ സ്വഭാവത്തിലുള്ളതാണെന്നും സർക്കാർ അറിയിച്ചു.
രാഷ്ട്രീയത്തിൽ ഇടം പിടിക്കാൻ സാമൂഹിക വിരുദ്ധരെ കൂട്ടുപിടിച്ച് ചില സംഘടനകൾ പ്രശ്നങ്ങളുണ്ടാക്കിയപ്പോഴാണ് ശബരിമലയിൽ പൊലീസിനെ വിന്യസിച്ചതെന്ന് സർക്കാർ ഹൈക്കോടതിയിൽ. പിറവം വലിയ പള്ളിയുമായി ബന്ധപ്പെട്ട കേസ് ശബരിമലയ്ക്ക് സമാനമല്ലെന്നും സിവിൽ സ്വഭാവത്തിലുള്ളതാണെന്നും സർക്കാർ അറിയിച്ചു. വർഗീയ വികാരം ഇളക്കിവിട്ട് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി മുതലെടുക്കാനുള്ള ശ്രമമാണ് ശബരിമലയിലുണ്ടായതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
പിറവം പള്ളിക്കേസിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്സ് വിഭാഗം നൽകിയ ഹരജിയിലാണ് സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. പ്രതിഷേധക്കാർ പൊതു - സ്വകാര്യ മുതൽ നശിപ്പിക്കുകയും ഭക്തരെയും മാധ്യമങ്ങളെയും പൊലീസിനെയും ആക്രമിക്കുകയുമായിരുന്നു. ചില കേസുകളിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ വൻ പൊലീസ് സന്നാഹം ഒരുക്കിയ സർക്കാർ പിറവം കേസിൽ വിധി നടപ്പാക്കുന്നില്ലെന്ന് നേരത്തെ ഡിവിഷൻ ബെഞ്ച് വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് സർക്കാർ വിശദീകരണം .
പൊതുസമൂഹവുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റു പ്രശ്നങ്ങളെപ്പോലെയല്ല പിറവം പള്ളിക്കേസ്. ഒത്തുതീർപ്പിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ മലങ്കര സഭാ തർക്കം നിലനിൽക്കുന്ന മറ്റു ഭാഗങ്ങളിലേക്ക് പ്രശ്നം വ്യാപിക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.