
വീണ്ടും നാക്ക് പിഴ; ഫുട്ബോൾ താരം ഐ.എം വിജയനെ എം.എൻ വിജയനാക്കി മന്ത്രി ഇ.പി ജയരാജന്റെ മറുപടി
|ബോക്സിങ് താരം മുഹമ്മദ് അലിക്ക് അനുശോചനം നടത്തിയ അബദ്ധത്തിന് ശേഷമാണ് ഇ.പി ജയരാജന്റെ പുതിയ പിഴവ്
ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചതുമായി ബന്ധപ്പെട്ട് ജയരാജൻ നടത്തിയ പ്രതികരണം വൈറലായിരുന്നു. മുഹമ്മദ് അലി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ എത്തിച്ചു എന്നാണ് ഒരു സ്വകാര്യ ചാനലിനോട് ലൈവായി ഇ.പി ജയരാജന്‍ മുൻപ് പറഞ്ഞത്. രൂക്ഷ വിമർശനങ്ങളാണ് കായിക മന്ത്രിക്കെതിരെ അന്ന് ഉയർന്നത്. പഴയ പിഴവ് മറന്ന് തുടങ്ങിയ ജനങ്ങൾക്കിടയിലേക്കാണ് പുതിയ പിഴവുമായി മന്ത്രി ഇ.പി ജയരാജൻ ഇന്ന് രംഗത്ത് വന്നിട്ടുള്ളത്. നിയമസഭയിലെ ചോദ്യോത്തര വേളയിലെ മറുപടിയിലാണ് മന്ത്രി ജയരാജൻ ഫുട്ബോൾ താരം ഐ.എം വിജയനെ എം.എൻ വിജയനാക്കി കോവൂർ കുഞ്ഞുമോന് മറുപടി കൊടുത്തത്. എം.എൻ വിജയനൊപ്പം ഓടി കളിച്ചതിന്റെ ഗുണം കോവൂർ കുഞ്ഞു മോനുണ്ടെന്നായിരുന്നു ജയരാജന്റെ മറുപടി. ജയരാജന്റെ പുതിയ നാക്ക് പിഴയെ ആഘോഷമാക്കുകയാണ് ട്രോളന്മാർ.
ജയരാജന്റെ നിയമസഭയിലെ മറുപടി
കേരളത്തിനൊരു വനിതാ ഫുട്ബാൾ ടീം. അതിനുള്ള വനിതകളുണ്ട്, അതുണ്ടാക്കാനുള്ള ഒരാലോചന ഇപ്പോൾ സജീവമായ പരിഗണനയിലുണ്ട്. ആ ടീം നല്ലത് പോലെ ഈ രംഗത്ത് പെർഫോമൻസ് കാണിക്കാൻ കഴിയും. അത് ബഹുമാനപെട്ട അംഗം എം.എൻ വിജയനോടൊപ്പം ഓടി കളിച്ച് നടന്ന് വന്നിട്ടുള്ളയാളാണ്. ഏതായാലും നിങ്ങൾക്ക് അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു. വിജയൻറെ പ്രചോദനമായിരിക്കും ഒരു പക്ഷെ ബഹുമാനപെട്ട അങ്ങും ഇവിടെ പ്രകടിപ്പിച്ചിട്ടുള്ളത്. തീർച്ചയായും ഇത്തരം കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മുന്നോട്ട് വന്നതിൽ പ്രത്യേകിച്ച് ഈ ഗവൺമെന്റിന് നന്ദിയുണ്ടെന്ന് അറിയിക്കുകയാണ്.