
ബി.ജെ.പി സമര പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
|മുട്ടട സ്വദേശി വേണുഗോപാലൻ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് സമീപം ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലൻ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത സര്‍ക്കാര്‍ നടപടിയാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ബി.ജെ.പി ആരോപിച്ചു. സമരപന്തലിന് എതിര്‍വശമുള്ള ക്യാപിറ്റോള്‍ ടവറിന് മുന്നില്‍ നിന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കൊളുത്തിയ ശേഷം വേണുഗോപാലന്‍ നായര്‍ സമരപന്തലിലേക്ക് ഓടിയെത്തുകയായിരുന്നു. പന്തലിന് അകത്തേക്ക് കടക്കാന്‍ സാധിച്ചില്ല. ഈ സമയം പന്തലിനുള്ളില്‍ സി.കെ. പത്മനാഭനുമുണ്ടായിരുന്നു.
പൊലീസെത്തിയാണ് തീയണച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബി.എം.എസ് യൂണിയനില്‍ അംഗമായ വേണുഗോപാലന്‍ ആട്ടോ ഡ്രൈവറാണ്. കഴിഞ്ഞ വര്‍ഷം വരെ ശബരിമല മണ്ഡലകാലത്ത് കരാര്‍ അടിസ്ഥാനത്തില്‍ അരവണ നിര്‍മ്മാണത്തിനും പോകുമായിരുന്നു.
വേണുഗോപാലന്‍ നായര്‍ മുന്‍ ആര്‍.എസ്.എസുകാരനാണ്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലെന്നും സഹോദരി പുത്രന്‍ ബിനു മീഡിയവണിനോട് പറഞ്ഞു.