< Back
Kerala
വൈദ്യുതി ബസുകള്‍ക്ക് സബ്‌സിഡി അനുവദിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി
Kerala

വൈദ്യുതി ബസുകള്‍ക്ക് സബ്‌സിഡി അനുവദിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി

Web Desk
|
14 Dec 2018 12:24 PM IST

സ്‌കാനിയ വോള്‍വോ ബസ്സുകളെക്കാള്‍ കുറഞ്ഞ ചെലവില്‍ സര്‍വ്വീസ് നടത്താന്‍ ഇലക്ട്രിക് ബസുകള്‍ക്ക് സാധിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദത്തോടൊപ്പം ചിലവും കുറവായതിനാല്‍ ഈ സാമ്പത്തിക വര്‍ഷം 100 ബസുകള്‍

സംസ്ഥാനത്തെ ഇലക്ട്രിക് ബസുകള്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കണമെന്ന് കെ.എസ്.ആര്‍.ടി.സി. സബ്‌സിഡി അനുവദിച്ച് താരിഫ് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി കെ.എസ്.ഇ.ബിക്ക് കത്ത് നല്‍കി.

കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളിലായിരുന്നു പരീക്ഷാണടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് നടത്തിയത്. എന്നാല്‍ നിവില്‍ കേരളത്തില്‍ മാത്രമാണ് പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്. ഇത്തരം ബസുകള്‍ക്ക് സബ്‌സിഡി അനുവദിച്ച് വൈദ്യുതി താരിഫ് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്.

യൂണിറ്റ് ഒന്നിന് നാല് രൂപ നിരക്കില്‍ വൈദ്യുതി നല്‍കണമെന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം. ഇതിനു പറുമെ ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളിലേയ്ക്കുള്ള ട്രാന്‍സ്‌ഫോമര്‍ പണം ഈടാക്കാതെ സ്ഥാപിച്ച് തരണമെന്നും കെ.എസ്.ഇ.ബിയോട് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരത്തിലുള്ള പത്ത് ഇലക്ട്രിക്ക് ബസുകളാണ് നിലവില്‍ ശബരിമലയില്‍ സര്‍വ്വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ തന്നെ സ്‌കാനിയ, വോള്‍വോ എസി ബസുകള്‍ ഒരു ദിവസം അഞ്ച് ട്രിപ്പുകള്‍ പമ്പ -നിലയ്ക്കല്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ ശരാശരി 10 ട്രിപ്പുകള്‍ നടത്തുന്നുണ്ട്. സ്‌കാനിയ വോള്‍വോ ബസ്സുകളെക്കാള്‍ കുറഞ്ഞ ചെലവില്‍ സര്‍വ്വീസ് നടത്താന്‍ ഇലക്ട്രിക് ബസുകള്‍ക്ക് സാധിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദത്തോടൊപ്പം ചിലവും കുറവായതിനാല്‍ ഈ സാമ്പത്തിക വര്‍ഷം 100 ബസുകള്‍ ഇറക്കാനുള്ള നീക്കത്തിലാണ് കെ.എസ്.ആര്‍.ടി.സി.

Similar Posts