< Back
Kerala
സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ ഓര്‍ത്തഡോക്സ് സഭ
Kerala

സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ ഓര്‍ത്തഡോക്സ് സഭ

Web Desk
|
14 Dec 2018 9:29 AM IST

അക്രമം നടത്തി സമ്മര്‍ദ്ദത്തിലാക്കിയാല്‍ വിട്ട് വീഴ്ചകള്‍ക്ക് തയ്യാറാകുമെന്ന് കരുതേണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി.

സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ ഓര്‍ത്തഡോക്സ് സഭ. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി സര്‍ക്കാര്‍ നിലകൊള്ളരുത്. സുപ്രീംകോടതി വിധിക്കെതിരെ യാക്കോബായ വിഭാഗം നടത്തിയ യോഗത്തില്‍‍‍ എറണാകുളത്തെ സി.പി.എമ്മുകാര്‍ പങ്കെടുത്തത് ശരിയല്ലെന്നും ഇത് ചില സംശയങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും ഓര്‍ത്തഡോക്സ് സഭ നേതൃത്വം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പിറവത്തുണ്ടായ സംഭവങ്ങള്‍ നാടകമാണോ എന്ന സംശയമാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിനുള്ളത്. അക്രമം പള്ളികളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമമാണ് യാക്കോബായ വിഭാഗം നടത്തുന്നത്. വെല്ലുവിളി സർക്കാർ ഗൗരവമായി കാണണം. വിധി നടപ്പാക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാകരുതെന്നും തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞു.

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ അതിന്റെ ഒരംശം പോലും ഈ വിധി നടപ്പാക്കാന്‍ എടുക്കുന്നില്ല. സുപ്രീംകോടതി വിധിക്കെതിരെ യാക്കോബായ വിഭാഗം വിളിച്ച് ചേര്‍ത്ത യോഗത്തില്‍ എറണാകുളത്തെ സി.പി.എം നേതാക്കള്‍ പങ്കെടുത്തതിനെയും ഓര്‍ത്തഡോക്സ് വിഭാഗം വിമര്‍ശിക്കുന്നു. അക്രമം നടത്തി സമ്മര്‍ദ്ദത്തിലാക്കിയാല്‍ വിട്ട് വീഴ്ചകള്‍ക്ക് തയ്യാറാകുമെന്ന് കരുതേണ്ടെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഓര്‍ത്തഡോക്സ് സഭ വ്യക്തമാക്കി.

Similar Posts