< Back
Kerala
പരിയാരം മെഡിക്കല്‍ കോളജ് ഇപ്പോഴും സഹകരണമേഖലയില്‍ തന്നെ
Kerala

പരിയാരം മെഡിക്കല്‍ കോളജ് ഇപ്പോഴും സഹകരണമേഖലയില്‍ തന്നെ

Web Desk
|
15 Dec 2018 2:19 PM IST

ഇതിനിടെയാണ് മെഡിക്കല്‍ കോളജ് സഹകരണ മേഖലയില്‍ തന്നെയെന്ന് പ്രഖ്യാപിച്ച് അംഗങ്ങളുടെ വാര്‍ഷിക പൊതുയോഗം ഈ മാസം മുപ്പതിന് വിളിച്ച് ചേര്‍ക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്

സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ഇപ്പോഴും സഹകരണ മേഖലയില്‍ തന്നെ. പരിയാരം മെഡിക്കല്‍ കോളജ് സഹകരണ സൊസൈറ്റി അംഗങ്ങളുടെ സമ്പൂര്‍ണ യോഗം ഈ മാസം മുപ്പതിന് വിളിച്ച് ചേര്‍ക്കും. പരിയാരം ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് കഴിഞ്ഞ നിയമസഭയില്‍ നിയമമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.

കഴിഞ്ഞ ഏപ്രില്‍ 26നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ജില്ലാ കലക്ടര്‍ ചെയര്‍മാനായ മൂന്നംഗ സമിതിക്ക് മെഡിക്കല്‍ കോളേജിന്റെ താത്കാലിക നടത്തിപ്പ് ചുമതല കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്ന് ഏഴ് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ സേവനങ്ങളോ ആനുകൂല്യങ്ങളോ രോഗികള്‍ക്ക് ലഭിച്ചിട്ടില്ല.

ഇതിനിടെ സര്‍ക്കാര്‍ ഏറ്റെടുക്കലിന്റെ പേരില്‍ ഭരണസമിതിയുടെ 200 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അടക്കുകയും ചെയ്തു. ഇതിനിടെയാണ് മെഡിക്കല്‍ കോളജ് സഹകരണ മേഖലയില്‍ തന്നെയെന്ന് പ്രഖ്യാപിച്ച് അംഗങ്ങളുടെ വാര്‍ഷിക പൊതുയോഗം ഈ മാസം മുപ്പതിന് വിളിച്ച് ചേര്‍ക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്. സംഘത്തില്‍ 2950 വ്യക്തികള്‍, 875 സഹകരണ സ്ഥാപനങ്ങള്‍, 11 പ്രത്യേക സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് അംഗത്വമുളളത്.

വാര്‍ഷിക പൊതുയോഗം സംബന്ധിച്ച് ഇന്ന് സഹകരണ വകുപ്പ് പാര്‍ട്ടി പത്രത്തിലടക്കം പരസ്യം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജ് ആരുടെ കീഴിലെന്ന ചോദ്യമാണ് വീണ്ടും ഉയരുന്നത്.

Similar Posts