< Back
Kerala
പുതുതലമുറക്ക് ജൈവ കൃഷിയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി അധ്യാപകന്‍
Kerala

പുതുതലമുറക്ക് ജൈവ കൃഷിയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി അധ്യാപകന്‍

Web Desk
|
15 Dec 2018 8:16 AM IST

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ജൈവ കൃഷിയുടെ പാഠങ്ങള്‍ തേടി ജലാല്‍ മാഷിന്റെ കൃഷിത്തോട്ടത്തിലെത്തിയത്

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അധ്യാപക ജീവിതത്തിനുശേഷം പുതുതലമുറക്ക് ജൈവ കൃഷിയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ് അധ്യാപകന്‍. തന്റെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ തന്നെയാണ് കണ്ണൂര്‍ ചെറുപുഴ സ്വദേശി ജലാല്‍ മാഷിന്റെ ഈ പുതിയ കാര്‍ഷിക പാഠശാല.

ഈ കൃഷിയിടത്തിലാണ് ജലാല്‍ മാഷ് തന്റെ പുതിയ പാഠ്യപദ്ധതി വിളയിച്ചെടുക്കുന്നത്. 32 വര്‍ഷക്കാലത്തെ അധ്യാപക ജീവിതത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജലാല്‍ മാഷ് വീടിനോട് ചേര്‍ന്ന രണ്ടേക്കര്‍ കൃഷിയിടത്തില്‍ ജൈവ കൃഷിയുടെ പുതിയ പാഠങ്ങള്‍ വിതക്കുകയായിരുന്നു. പരീക്ഷണം വിജയമായതോടെ ആ അറിവുകള്‍ പുതിയ തലമുറക്ക് പകര്‍ന്നു നല്‍കാന്‍ ഈ അധ്യാപകന്‍ തീരുമാനിച്ചു.

അങ്ങനെയാണ് ചെറുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടികളെ തന്റെ തോട്ടത്തിലെത്തിച്ച് വിഷരഹിത പച്ചക്കറി കൃഷിയുടെ പാഠങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ തുടങ്ങിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് ജൈവ കൃഷിയുടെ പാഠങ്ങള്‍ തേടി ജലാല്‍ മാഷിന്റെ കൃഷിത്തോട്ടത്തിലെത്തിയത്.

അയല്‍വാസിയും സുഹൃത്തുമായ ഷെരീഫും ഈ പഠന പരിപാടിയില്‍ മാഷിന് കൂട്ടായുണ്ട്. അടുത്ത വര്‍ഷം മുതല്‍ പൊതുജനങ്ങള്‍ക്ക് കൂടി ജൈവ കൃഷിയില്‍ പരിശീലനം നല്‍കാനുളള തയ്യാറെടുപ്പിലാണ് ഈ അധ്യാപകന്‍.

Similar Posts