
എം.കെ മുനീറിനെ വെട്ടി നിരത്തി യൂത്ത് ലീഗിന്റെ യുവജന യാത്ര
|പ്രതിപക്ഷ ഉപനേതാവ് കൂടിയായ എം.കെ മുനീറിന് വേദികളില്‍ വേണ്ടത്ര പ്രാധിനിത്യം നല്‍കുന്നില്ലെന്നാണ് പരാതി. കാസര്‍ഗോട്ടെ ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് സാന്നിധ്യം മാത്രമായി മാറി.
യൂത്ത് ലീഗിന്റെ യുവജന യാത്രയില്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിനെ വെട്ടി നിരത്തുന്നു. ഉദ്ഘാടന ചടങ്ങില്‍ ഏറെ നേരം കാത്തിരുന്നിട്ടും പ്രസംഗിക്കാന്‍ അവസരം ലഭിക്കാതെ മടങ്ങിയ മുനീറിന് സ്വന്തം തട്ടകമായ കോഴിക്കോട് കടപ്പുറത്തും കാഴ്ചക്കാരന്റെ റോളായിരുന്നു. ഇതിന് പുറമേ യൂത്ത് ലീഗ് സഹഭാരവാഹികള്‍ക്കിടയിലും ജാഥയില്‍ ആവശ്യമായ പരിഗണന ലഭിക്കാത്തതില്‍ അമര്‍ഷമുണ്ട്.
ജനപങ്കാളിത്വവും സംഘാടനവും കൊണ്ട് ശ്രദ്ധേയമാണ് യൂത്ത് ലീഗിന്റെ യുവജനയാത്ര. പക്ഷേ പാര്‍ട്ടിയ്ക്കുള്ളില്‍ മുറുമുറുപ്പുകളും ഉയര്‍ന്ന് തുടങ്ങി. പ്രതിപക്ഷ ഉപ നേതാവ് കൂടിയായ എം.കെ മുനീറിന് വേദികളില്‍ വേണ്ടത്ര പ്രാധിനിത്യം നല്‍കുന്നില്ലെന്നാണ് പരാതി. കാസര്‍ഗോട്ടെ ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് സാന്നിധ്യം മാത്രമായി മാറി. സ്വന്തം മണ്ഡലം ഉള്‍പെടുന്ന കോഴിക്കോട് ബീച്ചിലും പ്രസംഗിക്കാന്‍ അവസരം ലഭിക്കാതെയായിരുന്നു മടക്കം. കെ.എം ഷാജിയായിരുന്നു ഇവിടെ മുഖ്യപ്രഭാഷകന്‍. ജാഥക്കിടയില്‍ ഇത് വരെ താനൂരിലും, കൊയിലാണ്ടിയിലും മാത്രമാണ് മുനീര്‍ പ്രസംഗിച്ചത്. 9ന് പെരിന്തല്‍മണ്ണയിലേക്ക് ക്ഷണിച്ചിട്ടും കോഴിക്കോട് ഉണ്ടായിരുന്ന മുനീര്‍ വിട്ടു നില്‍ക്കുകയും ചെയ്തു. അവഗണന ചര്‍ച്ചയായതോടെ ആലപ്പുഴയില്‍ മുനീറിനെ ഉദ്ഘാടകനാക്കാനാണ് തീരുമാനം.

തിരക്കുകളുള്ളതിനാലാണ് കോഴിക്കോട് പ്രസംഗിക്കാതെ മുനീര്‍ മടങ്ങിയതെന്നാണ് യൂത്ത് ലീഗ് വിശദീകരണം. ജാഥയുടെ സോഷ്യല്‍ മീഡിയ പ്രചരണത്തെ ചൊല്ലി യൂത്ത് ലീഗ് നേതാക്കളിലും അതൃപ്തി പുകയുന്നുണ്ട്. ഫേസ് ബുക്ക് പ്രചരണമെല്ലാം ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ കേന്ദ്രീകരിച്ചാണ്. ഇതിലാണ് സഹഭാരവാഹികളടക്കമുള്ളവരുടെ മുറുമുറുപ്പ്. പക്ഷേ മുനവ്വറലി തങ്ങള്‍ ജാഥ നയിക്കുന്നതിനാല്‍ പ്രതിഷേധം ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലാണ് യൂത്ത് ലീഗിലെ സഹഭാരവാഹികള്‍.