
ഗെയില്‍ പൈപ്പ്‌ലൈന്‍ പണി തുടങ്ങി; നെല്‍ക്കൃഷി നശിപ്പിക്കുന്നു
|നെല്‍ക്കൃഷി വിളവെടുപ്പിനു ശേഷമേ കൃഷിഭൂമിയിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ പണി ആരംഭിക്കാവൂ എന്ന കര്‍ഷകരുടെ ആവശ്യം തള്ളി അധികൃതര്‍.
നെല്‍ക്കൃഷി വിളവെടുപ്പിനു ശേഷമേ കൃഷിഭൂമിയിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ പണി ആരംഭിക്കാവൂ എന്ന കര്‍ഷകരുടെ ആവശ്യം തള്ളി അധികൃതര്‍. പാലക്കാട് ചിതലിയില്‍ നെല്‍കൃഷി നശിപ്പിച്ച് ഗെയില്‍ പൈപ്പ് ലൈന്‍ പണി ആരംഭിച്ചു. ജില്ലാ കലക്ടര്‍ വഞ്ചിച്ചുവെന്നും നിയമപരമായി നേരിടുമെന്നും കര്‍ഷകര്‍ പറഞ്ഞു.
പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടു പോകുന്നതിനുള്ള ഗെയിലിന്റെ കൊച്ചി സേലം പൈപ്പ് ലൈനാണ് കുഴല്‍മന്ദം ചിതലി വഴി കടന്നു പോവുന്നത്. ഇതിനായി 2000ആണ്ടില്‍ 18 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്തിരുന്നു. നെല്‍ക്കൃഷി ചെയ്യുന്ന പാടത്തിലൂടെയാണ് ഇത് കടന്നു പോകുന്നത്. സ്ഥലത്തിന് ശരിയായ നഷ്ടപരിഹാരം കിട്ടിയില്ലെന്ന കര്‍ഷകരുടെ പരാതി നിലനില്‍ക്കുന്നുണ്ട്. ഇതിനു പുറമെ കഴിഞ്ഞ ദിവസം പൈപ്പ് ലൈന്‍ പണി ആരംഭിക്കാനായി കമ്പനി അധികൃതര്‍ എത്തിയപ്പോള്‍ ഇതിനകം വിളവിറക്കിയ നെല്‍ക്കൃഷിയുടെ വിളവെടുക്കുന്നതു വരെ പണി നീട്ടിവെക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നശിപ്പിക്കപ്പെടുന്ന വിളയ്ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിച്ച കമ്പനി അധികൃതര്‍ തിങ്കളാഴ്ച രാവിലെ വരെ പണി നിര്‍ത്തിവെച്ചു. തിങ്കളാഴ്ച രാവിലെ വന്‍പൊലീസ് സന്നാഹവുമായി എത്തി കര്‍ഷകരുടെ എതിര്‍പ്പ് മറികടന്ന് പണി ആരംഭിക്കുകയായിരുന്നു. വഞ്ചനാപരമായ സമീപനമാണ് ഈ വിഷയത്തില്‍ ജില്ലാ കലക്ടറുടെ ഭാഗത്തു നിന്നുണ്ടായതെന്ന് കര്‍ഷകര്‍ പറഞ്ഞു. പ്രശ്‌നത്തില്‍ കോടതിയെ സമീപിക്കുമെന്നും നിയമപരമായി നേരിടുമെന്നും കര്‍ഷകര്‍ പറഞ്ഞു.