< Back
Kerala
സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി
Kerala

സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി

Web Desk
|
18 Dec 2018 10:30 AM IST

മലപ്പുറത്ത് ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മലപ്പുറത്ത് ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മലപ്പുറം ടൌണ്‍ഹാളില്‍ നടന്ന ജില്ലാതല പട്ടമേളയില്‍ 4463 പേര്‍ക്ക് പട്ടയം വിതരണം ചെയ്തു. ഇതില്‍ ജില്ലയിലെ വ്യത്യസ്ത ലാന്‍ഡ് ട്രൈബ്യൂണലുകളില്‍ നിന്നായി 4232 ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളുണ്ട്. ലാന്‍ഡ് ട്രൈബ്യൂണലില്‍ 12010 അപേക്ഷകളും ദേവസ്വം ട്രൈബ്യൂണലില്‍ 7900 അപേക്ഷകളും ജില്ലയില്‍ തീര്‍പ്പാക്കാതെയുണ്ട്. ഇവ ഉടന്‍ തീര്‍പ്പാക്കി പട്ടയം വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ 79000 പട്ടയങ്ങള്‍ വിതരണം ചെയ്തു. മറ്റു ജില്ലകളിലെ പട്ടയവിതരണം കൂടി പൂര്‍ത്തിയാകുന്നതോടെ എണ്ണം ഒരു ലക്ഷത്തില്‍ അധികമാവും. മലപ്പുറം ജില്ലയില്‍ ഇതുവരെ 16000 പട്ടയം വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു. അര്‍ഹതയുള്ളവര്‍ക്കെല്ലാം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പരിപാടി നിയന്ത്രിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോക്ടര്‍ കെ.ടി ജലീല്‍ പറഞ്ഞു.

മങ്കട കുമാരഗിരി എസ്റ്റേറ്റിലെ പാറമടയില്‍ താമസിക്കുന്ന കാട്ടുനായ്കര്‍ വിഭാഗത്തിലെ ആറ് കുടുംബങ്ങള്‍ക്കുള്ള പട്ടയവും മന്ത്രി നല്‍കി. വി അബ്ദുറഹ്മാന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ അമിത് മീണ, എ.ഡി.എം വി.രാമചന്ദ്രന്‍, ആര്‍.ഡി.ഒ വി.മെഹറലി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Tags :
Similar Posts