
ശബരിമലയില്‍ യുവതികള്‍ കയറിയെന്ന് എം.എം മണി
|യുവതികള്‍ കയറിയില്ലെന്നാണോ നിങ്ങള്‍ കരുതിയതെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. യുവതികള്‍ പോയിട്ടില്ലെന്ന് സര്‍ക്കാര്‍ ഇതുവരെ നിങ്ങളോട് പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയില്‍ യുവതികള്‍ കയറിയെന്ന് മന്ത്രി എം.എം മണി. യുവതികള്‍ കയറിയില്ലെന്നാണോ നിങ്ങള്‍ കരുതിയതെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. സ്ത്രീകള്‍ പോയിട്ടില്ലെന്ന് സര്‍ക്കാര്‍ ഇതുവരെ നിങ്ങളോട് പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
യുവതികള്‍ മല കയറിയെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമാണോ ഇതെന്ന ചോദ്യത്തിന് പിന്നല്ലാതെ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ചോദ്യം ആവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരോട് നിങ്ങള്‍ ഏത് ലോകത്താണെന്നും മണി ചോദിച്ചു.
"ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഒരു ലക്ഷം സ്ത്രീകളെയും കൊണ്ട് മല കയറാമല്ലോ. അവിടെ ആരും തടയാനൊന്നും വരില്ല. അതിനുള്ള കെല്‍പ്പൊക്കെ ഞങ്ങള്‍ക്കുണ്ട്. അതൊന്നും ഞങ്ങളുടെ പരിപാടിയല്ല. പോകുന്നവര്‍ക്ക് സംരക്ഷണം കൊടുക്കും. കോടതി പറഞ്ഞത് സ്ത്രീകള്‍ക്ക് ശബരിമലയില്‍ പോകാമെന്നാണ്. പോയില്ലെങ്കില്‍ ശിക്ഷിക്കുമെന്ന് കോടതി പറഞ്ഞിട്ടില്ല", കോതമംഗലത്ത് വച്ചാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.