< Back
Kerala
അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്
Kerala

അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്

Web Desk
|
21 Dec 2018 2:37 PM IST

അയ്യപ്പജ്യോതിയിൽ പങ്കെടുക്കുമെന്ന എൻ.എസ്.എസ് നിലപാട് തെറ്റാണെന്ന് ചെന്നിത്തല

ശബരിമല കര്‍മ സമിതിയുടെ പേരില്‍ സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി വിലക്ക്. എന്‍.എസ്.എസ് അംഗങ്ങളായ പാര്‍ട്ടി പ്രവര്‍ത്തകരോടും പരിപാടിയില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള എന്‍.എസ്.എസ് തീരുമാനം തെറ്റാണെന്നും ചെന്നിത്തല തുറന്നടിച്ചു.

ശബരിമല കര്‍മ്മ സമിതിയുടെ പേരിലെ അയ്യപ്പ ജ്യോതി തെളിയിക്കല്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുതലെടുപ്പ് പരിപാടി മാത്രമാണ്. അതിനാലാണ് എന്‍.എസ്.എസ് അംഗങ്ങളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വനിതാ മതിലില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് പോലെ അയ്യപ്പ ജ്യോതി തെളിയിക്കല്‍ പരിപാടിയിലും പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ശബരിമല കര്‍മ്മ സമിതിയെന്നത് അയ്യപ്പനെ രക്ഷിക്കാനുള്ളതല്ലെന്നും അത് ഓമന പേര് മാത്രമാണെന്നും രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.

ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ നിലപാടിനൊപ്പം ചലിക്കുന്ന എന്‍.എസ്.എസ് നേതൃത്വത്തോടുള്ള അതൃപ്തി കൂടിയാണ് വിലക്കിലൂടെ കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്.

Similar Posts