< Back
Kerala
ശബരിമലയിലെ നിലപാട്: ബി.ജെ.പി സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ നാല് പേര്‍ പാര്‍ട്ടി വിട്ടു 
Kerala

ശബരിമലയിലെ നിലപാട്: ബി.ജെ.പി സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ നാല് പേര്‍ പാര്‍ട്ടി വിട്ടു 

Web Desk
|
21 Dec 2018 1:39 PM IST

ആർ.എസ്.എസ് നേതൃത്വത്തിന്റെ അജണ്ടകൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണെന്നും ബി.ജെ.പിയിൽ ജനാധിപത്യമില്ലെന്നും പാർട്ടി വിട്ടവർ

ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി അംഗം അടക്കം നാല് പേർ പാർട്ടി വിട്ടു. ശബരിമല വിഷയത്തിലെ ബി.ജെ.പി നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് സംസ്ഥാന സമിതി അംഗമായിരുന്ന വെള്ളനാട് എസ് കൃഷ്ണകുമാർ പറഞ്ഞു. സംസ്ഥാന നേതാക്കളടക്കം കൂടുതൽ പേർ വരും ദിവസങ്ങളിൽ ബി.ജെ.പി വിടുമെന്നും സൂചനയുണ്ട്.

ബി.ജെ.പി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാർ, ഉഴമലയ്ക്കൽ ജയകുമാർ, തൊളിക്കോട് സുരേന്ദ്രൻ, വെള്ളനാട് വി സുകുമാരൻ മാസ്റ്റർ എന്നിവരാണ് പാർട്ടി വിട്ടത്. ആർ.എസ്.എസ് നേതൃത്വത്തിന്റെ അജണ്ടകൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണെന്നും ബി.ജെ.പിയിൽ ജനാധിപത്യമില്ലെന്നും പാർട്ടി വിട്ടവർ ആരോപിച്ചു.

കൃഷ്ണകുമാറിന്റെ ഭാര്യ ഗിരിജാകുമാരി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ആയിരുന്നു. നിലവിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായ ഗിരിജകുമാരി പാർട്ടി വിടുമോ എന്ന ചോദ്യത്തിന് വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ സി.പി.എമ്മിൽ വരുമെന്നായിരുന്നു മറുപടി.

Similar Posts