
‘മനിതി’ സംഘത്തിന്റെ കേരളത്തിലെ നീക്കങ്ങള്‍ പൊലീസ് നാടകം
|സംഘത്തിന് ശബരിമല പ്രവേശന അനുമതി നിഷേധിച്ചെന്ന ആരോപണം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു നാടകീയമായ പൊലീസ് പദ്ധതി.
ശബരിമലക്ക് പുറപ്പെട്ട മനിതി സംഘത്തിന്റെ കേരളത്തിലെ നീക്കങ്ങള്‍ പലതും നടന്നത് പൊലീസ് പദ്ധതി പ്രകാരം. സംഘത്തിന് ശബരിമല പ്രവേശന അനുമതി നിഷേധിച്ചെന്ന ആരോപണം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു നാടകീയമായ പൊലീസ് പദ്ധതി. സന്നിധാനത്തേക്ക് അവരെ എത്തിക്കരുതെന്ന നിര്‍ദേശവും സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരുന്നു.
ശബരിമല പ്രവേശനം ആവശ്യപ്പെട്ട യുവതികള്‍ക്ക് വനിതാ മതിലിന് തൊട്ടുമുന്‍പ് അനുമതി നിഷേധിച്ചാല്‍ തിരിച്ചടിയാകുമെന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. അനുമതി നിഷേധിച്ചാല്‍ മനിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ നേരിടാനും സര്‍ക്കാര്‍ ബുദ്ധിമുട്ടും. ഇത് മുന്നില്‍ കണ്ടായിരുന്നു സര്‍ക്കാര്‍ നീക്കങ്ങള്‍. മനിതി പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം നേരിട്ട് ബോധ്യപ്പെടട്ടെ എന്നായിരുന്നു നിലപാട്.
എന്നാല്‍ മനിതി സംഘം 6 മണിക്കൂര്‍ പിന്നിട്ടിട്ടും പിന്‍തിരിയില്ല എന്നായതോടെ പൊലീസ് വെട്ടിലായി. പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി. ഇത് പൊലീസ് പദ്ധതി എളുപ്പമാക്കി. സംഘര്‍ഷം ചൂണ്ടിക്കാണിച്ച് മനിതി സംഘത്തെ തിരികെ കൊണ്ടുപോകാന്‍ എസ്.പി, ജി.കാര്‍ത്തികയേന് നിര്‍ദേശം ലഭിച്ചിരുന്നുവെന്നാണ് വിവരം. അറസ്റ്റിന് ശേഷമുണ്ടായ പ്രതിഷേധം നേരിടാതെ പൊലീസ് പിന്തിരിഞ്ഞോടിയത് ഈ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു.
മനിതി സംഘത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു എന്ന പരാതിയില്ലാതെ തന്നെ അവരെ സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞു. തന്ത്രപരമായ നീക്കം വിജയകരമായി നടപ്പാക്കാനായി എന്നാണ് സര്‍ക്കാറും പൊലീസും വിലയിരുത്തുന്നത്.