
ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചിറക്കിയത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം
|തുടക്കത്തില്‍ യുവതികള്‍ക്ക് പിന്തുണ നല്‍കിയ പൊലീസ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരസ്യ പ്രതികരണത്തിന് ശേഷമാണ് നിലപാട് മാറ്റിയത്. പൊലീസ് കബളിപ്പിച്ചാണ് തിരിച്ചിറക്കിയതെന്ന് യുവതികള്‍ പറഞ്ഞു.
ശബരിമല ദര്‍ശനത്തിന് ഇന്ന് എത്തിയ രണ്ട് യുവതികളെ തിരിച്ചിറക്കിയത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം. തുടക്കത്തില്‍ യുവതികള്‍ക്ക് പിന്തുണ നല്‍കിയ പൊലീസ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരസ്യ പ്രതികരണത്തിന് ശേഷമാണ് നിലപാട് മാറ്റിയത്. പൊലീസ് കബളിപ്പിച്ചാണ് തിരിച്ചിറക്കിയതെന്ന് യുവതികള്‍ പറഞ്ഞു.
പൊലീസ് സഹായത്തോടെയാണ് പമ്പയിലെത്തിയതെന്ന് എന്ന് വ്യക്തമാക്കിയാണ് ബിന്ദുവും കനക ദുര്‍ഗയും സന്നിധാനത്തേക്ക് പുറപ്പെട്ടത്. 15 മിനിറ്റിനകം പ്രതിഷേധവും തുടങ്ങി. പലയിടത്തും പ്രതിഷേധക്കാര്‍ സംഘടിച്ച് തടയാന്‍ ശ്രമിച്ചെങ്കിലും എല്ലാം പൊലീസ് അനായാസം മറികടന്നു. പൊലീസ് സന്നിധാനത്തിന് ഒരു കിലോമീറ്റര്‍ അകലെയെത്തിയപ്പാഴാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സര്‍ക്കാര്‍ സമീപനം വ്യക്തമാക്കിയത്. പ്രതിഷേധക്കാരെ ഭക്തരെന്ന് വിശേഷിപ്പിച്ച ദേവസ്വം മന്ത്രി പ്രശ്നമുണ്ടെങ്കില്‍ യുവതികളെ പിന്തിരിപ്പിക്കണ്ടി വരുമെന്നും സൂചിപ്പിച്ചു.
ബലപ്രയോഗത്തിലൂടെ ക്രമസമാധാന പ്രശ്നമുണ്ടാക്കില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റയും ഇതിനിടെ വ്യക്തമാക്കി. ഇതോടെ നിലപാട് മാറ്റിയ പൊലീസ് പിന്നെ യുവതികളെ തിരിച്ചിറക്കാന്‍ ശ്രമം തുടങ്ങി. യുവതികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യമുണ്ടെന്നപൊലീസ് വാദം യുവതികള്‍ നിഷേധിച്ചു.
ഇന്നലെ ദര്‍ശനത്തിനെത്തിയ മനിതി സംഘത്തെയും പൊലീസ് തന്ത്രപരമായി തിരിച്ചിറക്കുകയായിരുന്നു. മനിതി സംഘത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്തും സര്‍ക്കാറിന് ഒന്നും ചെയ്യാനില്ലെന്ന് സൂചിപ്പിച്ചും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരസ്യമായി രംഗത്തെത്തിയ ശേഷമായിരുന്നു തിരിച്ചിറക്കല്‍ തുടങ്ങിയത്. സമാന രീതി തന്നെയാണ് ഇന്നും ആവര്‍ത്തിച്ചത്.