< Back
Kerala
അനര്‍ട്ട് ഡയറ്കടര്‍ ഡോ.ആര്‍ ഹരികുമാറിനെ പുറത്താക്കി
Kerala

അനര്‍ട്ട് ഡയറ്കടര്‍ ഡോ.ആര്‍ ഹരികുമാറിനെ പുറത്താക്കി

Web Desk
|
26 Dec 2018 1:43 PM IST

യോഗ്യത ഇല്ലാത്ത ഹരികുമാറിനെ പുറത്താക്കി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. 

അനര്‍ട്ട് ഡയറക്ടര്‍ ഡോ.ആര്‍ ഹരികുമാറിനെ സര്‍ക്കാര്‍ പുറത്താക്കി. യോഗ്യത ഇല്ലാതെ അനര്‍ട്ട് ഡയറക്ടറായി തുടരുന്ന ഹരികുമാറിനെ പുറത്താക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

അനര്‍ട്ട് ഡയറകറായി നിയമിക്കുന്നതിന് പ്രധാനമായും മൂന്ന് യോഗ്യതകളാണ് വേണ്ടത്. 20 വര്‍ഷത്തെ പ്രവൃത്തി പരിചയം. 50 വയസ് കഴിയുക. പാരമ്പര്യേതര ഊര്‍ജ വിഭാഗത്തില്‍ പി.എച്ച്.ഡി. ഈ മൂന്നും അനര്‍ട്ട് ഡയറക്ടറായിരുന്ന ഡോ ആര്‍ ഹരികുമാറിന് ഇല്ലായിരുന്നു. 16 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും 46 വയസും ഉണ്ടായിരുന്ന ഹരികുമാറിന്റെ പി.എച്ച്.ഡി സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു. യോഗ്യതയില്ലാത്തയാളെ ഡയറക്ടറാക്കിയതിനെതിരെ കെ.എസ് സതീഷ് കുമാര്‍ എന്ന വ്യക്തി ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കിയിരുന്നു. ഈ ഹരജി കേട്ട ഹൈക്കോടതി ഈ മാസം 18 ന് ഇടക്കാല ഉത്തരവിലൂടെ ഹരികുമാറിനെ പുറത്താക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരികുമാറിനെ പുറത്താക്കിയത്. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയത്. ഊര്‍ജ വകുപ്പ് സെക്രട്ടറിക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്.

അനര്‍ട്ട് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രത്യേക ചട്ടങ്ങള്‍ രൂപീകരിക്കുന്ന മുറക്ക് പി.എസ്.സി മുഖേന പുതിയ ഡയറക്ടറെ നിയമിക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആര്‍.ഹരികുമാറിനെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. വി.എസ് സര്‍ക്കാരിന്റെ കാലത്തെ ഊര്‍ജ സുരക്ഷാ മിഷന്‍ നടത്തിപ്പിലെ അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ആ സമയത്ത് അനര്‍ട്ടിന്റെ പ്രോജക്ട് ഡയറ്കടറായിരുന്നു ഹരികുമാര്‍.

Similar Posts