< Back
Kerala
പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം; 2018ല്‍ മരിച്ചത് 469  പേര്‍
Kerala

പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം; 2018ല്‍ മരിച്ചത് 469 പേര്‍

Web Desk
|
27 Dec 2018 11:14 AM IST

അതേസമയം, സംസ്ഥാനം നേരിടുന്ന പകര്‍ച്ചവ്യാധി ഭീഷണി നേരിടാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവ‍ര്‍ത്തകര്‍ പറയുന്നു.

സംസ്ഥാനത്ത് വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് ഈ വര്‍ഷം 469 പേര്‍ മരിച്ചു. എച്ച് വണ്‍ എന്‍ വണ്‍, എലിപ്പനി, ചിക്കന്‍ പോക്സ് എന്നിവയാണ് ഇപ്പോള്‍ വ്യാപകമായി കാണുന്നത്. ഈ മാസം മാത്രം 40 പേരാണ് മരിച്ചത്. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

ജനുവരി മുതല്‍ ഡിസംബര്‍ 26 വരെ 29,05,321 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. വിവിധ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് 469 പേര്‍ മരിച്ചു. എലിപ്പനി ബാധിച്ച് 94 പേര്‍ മരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ മരിച്ചത് 117 പേര്‍. 53 പേര്‍ എച്ച് വണ്‍ എന്‍ വണിനെ തുടര്‍ന്ന് മരിച്ചു. 783 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചു. 29,700 പേര്‍ക്ക് ചിക്കന്‍ പോക്സ് പിടിപെട്ടു. ഇതില്‍ 17 പേര്‍ മരിച്ചു. രണ്ട് മാസമായി സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍, ചിക്കന്‍ പോക്സ് എന്നിവ കൂടുതലാണ്. ഡിസംബറില്‍ 17 പേര്‍ എച്ച് വണ്‍ എന്‍ വണിനെ തുടര്‍ന്ന് മരിച്ചു.

ഈ കണക്കുകള്‍ ചെറുതല്ലെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. ഡെങ്കി മരണം കുറഞ്ഞു. അതേസമയം, സംസ്ഥാനം നേരിടുന്ന പകര്‍ച്ചവ്യാധി ഭീഷണി നേരിടാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവ‍ര്‍ത്തകര്‍ പറയുന്നു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത എന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ജനുവരി ഒന്നിന് മുഖ്യമന്ത്രി തുടക്കമിട്ടിരുന്നു.

ആരോഗ്യം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ഫിഷറീസ് തുടങ്ങിയ വകുപ്പുകള്‍ ഒന്നിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പകര്‍ച്ചവ്യാധി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ പദ്ധതിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.

Related Tags :
Similar Posts