< Back
Kerala
കുമ്മനം രാഷ്ട്രീയത്തിലേക്ക് മടങ്ങിയേക്കും; തിരികെ വരാമെന്ന് ശ്രീധരൻ പിള്ള
Kerala

കുമ്മനം രാഷ്ട്രീയത്തിലേക്ക് മടങ്ങിയേക്കും; തിരികെ വരാമെന്ന് ശ്രീധരൻ പിള്ള

Web Desk
|
27 Dec 2018 7:26 AM IST

കുമ്മനം വരുന്നതിൽ ആരും എതിർപ്പ് പറയില്ലെന്നും ശ്രീധരൻ പിള്ള മീഡിയ വണിനോട് പറഞ്ഞു. 

കുമ്മനം രാജശേഖരൻ രാഷ്ട്രീയത്തിലേക്ക് മടങ്ങിയേക്കുമെന്ന് സൂചന നൽകി ബി.ജെ.പി. മിസോറാം ഗവർണർ സ്ഥാനം ഒഴിഞ്ഞ് കുമ്മനം രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. കുമ്മനം വരുന്നതിൽ ആരും എതിർപ്പ് പറയില്ലെന്നും ശ്രീധരൻ പിള്ള മീഡിയ വണിനോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് ബി.ജെ.പി തുടക്കം കുറിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

ശബരിമല വിഷയം അനുകൂലമാകുന്ന പശ്ചാത്തലത്തിൽ അത് മുതലാക്കാൻ കഴിയുന്ന സ്ഥാനാർഥികളെ നിർത്തണമെന്നായിരുന്നു കഴിഞ്ഞ ബി.ജെ.പി ഭാരവാഹി യോഗത്തിലുയർന്ന പ്രധാന വാദം. കഴിഞ്ഞ ലോക് സഭാതെരഞ്ഞെടുപ്പിൽ പാർട്ടി കരുത്തു തെളിയിച്ച മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയം പാളരുതെന്നാണ് പൊതു അഭിപ്രായവും.അതനുസരിച്ച് ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവച്ച തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ പരിഗണിക്കുന്ന പ്രധാന പേര് മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതാണ്. അക്കാര്യത്തിൽ ബി.ജെ.പിയിൽ ചർച്ചകളാരംഭിക്കുകയും ചെയതു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം കുമ്മനത്തിന്റേതാണ്. പാർട്ടിയിൽ ഇക്കര്യത്തിൽ എതിർപ്പുണ്ടാകില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

തിരുവനന്തപുരം ലോക്സഭാ മണ്ഡലം ഉൾക്കൊള്ളുന്ന വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ കെ.മുരളീധരന് മുന്നിൽ മികച്ച മത്സരം കാഴ്ച വച്ചു രണ്ടാം സ്ഥാനത്ത് എത്തിയതും കുമ്മനത്തിന് ലഭിക്കുന്ന പൊതു സ്വീകാര്യതയും ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. അങ്ങനെ വന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒ.രാജഗോപാലിനെക്കാൾ ജയ സാധ്യത കുമ്മനത്തിനുണ്ടെന്ന ബി.ജെ.പി വിലയിരുത്തലാണ് ശ്രീധരൻ പിള്ളയുടെ വാക്കുകളിൽ.

Similar Posts