< Back
Kerala
വനിതാ മതിലിനായി യോഗം ചേരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
Kerala

വനിതാ മതിലിനായി യോഗം ചേരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം

Web Desk
|
27 Dec 2018 3:12 PM IST

ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരിക്കണം യോഗം

വനിതാ മതിലിനായി യോഗം ചേരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇന്ന് വൈകിട്ട് നാല് മണിക്ക് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും യോഗം ചേരണമെന്ന് കാണിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിറക്കി. തൊഴിലുറപ്പ് തൊഴിലാളികളടക്കം മുഴുവന്‍ പേരെയും വനിതാ മതിലില്‍ ഉള്‍പ്പെടുത്താനാണ് ഉത്തരവ്. തൊഴിലുറപ്പ് തൊഴിലാളികളെ സര്‍ക്കാര്‍ വനിതാ മതിലില്‍ അണിനിരക്കാന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

വനിതാ മതില്‍ നടത്തിപ്പിനായി പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് നാല് മണിക്ക് യോഗം ചേരണമെന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ്. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, കുടംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയായിരിക്കണം യോഗം. വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഇവരെ മുഴുവന്‍ പേരെയും മതിലിലേക്ക് അണിനിരത്തണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനായി ആറ് നിര്‍ദ്ദേശങ്ങളും ഉത്തരവിലുണ്ട്. വനിതാ മതിലിനായി പഞ്ചായത്ത് സ്‌ക്വാഡുകളെ ഇറക്കണമെന്നും പങ്കെടുക്കുന്നവരുടെ മുഴുവന്‍ പേരുകള്‍ ഉള്‍പ്പെടുന്ന പട്ടിക തയ്യാറാക്കി ഡയറക്ടറേറ്റിലെത്തിക്കണമെന്നതുമാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടവ.

പട്ടിക തയ്യാറാക്കുന്നത് പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടി കൊണ്ട് വരാനാണെന്നാണ് ആക്ഷേപം. തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ ഭീഷണിയുമായി രംഗത്തെത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടി അല്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. ഇത് നിലനില്‍ക്കെയാണ് രേഖാ മൂലം ഉത്തരവ് ഇറങ്ങിയത്.

Related Tags :
Similar Posts