< Back
Kerala
റോഡുകള്‍ വെട്ടിമുറിച്ച് ജല വിതരണത്തിനുള്ള പൈപ്പുകള്‍: പിന്നില്‍ അഴിമതിയെന്ന് ജി.സുധാകരന്‍
Kerala

റോഡുകള്‍ വെട്ടിമുറിച്ച് ജല വിതരണത്തിനുള്ള പൈപ്പുകള്‍: പിന്നില്‍ അഴിമതിയെന്ന് ജി.സുധാകരന്‍

Web Desk
|
28 Dec 2018 10:29 AM IST

അവലോകന യോഗങ്ങളില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പാലക്കാട്ട് ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

പണി തീര്‍ന്നയുടന്‍ റോഡുകള്‍ വെട്ടിമുറിച്ച് ജല വിതരണത്തിനുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിനു പിന്നില്‍ അഴിമതിയാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കൂടുതല്‍ പണം നേടിയെടുക്കുന്നതിന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും കരാറുകാരും ചേര്‍ന്നാണ് അഴിമതി നടത്തുന്നത്. അവലോകന യോഗങ്ങളില്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി .

പണി തീര്‍ന്നയുടന്‍ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്തതു കൊണ്ടാണെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പാലക്കാട്ട് ചേര്‍ന്ന അവലോകന യോഗത്തിനു ശേഷമായിരുന്നു മാധ്യമങ്ങളോട് മന്ത്രിയുടെ പ്രതികരണം. റോഡ് പണിയുടെ വിവരം പൊതുമരാമത്ത് വകുപ്പ് മറ്റു ബന്ധപ്പെട്ട വകുപ്പുകളെ നേരത്തെ തന്നെ അറിയിക്കാറുണ്ട്. മണ്ണില്‍ പൈപ്പ് സ്ഥാപിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം കാഠിന്യമേറിയ പ്രതലം വെട്ടിപ്പൊളിക്കുമ്പോള്‍ കിട്ടുമെന്നതിനാലാണ് ജലവിഭവ വകുപ്പ് ടാര്‍ വെട്ടിപ്പൊളിക്കുന്നത്. ടാര്‍ പൊളിക്കാതെ ഡ്രില്‍ ചെയ്ത് പൈപ്പ് സ്ഥാപിക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണെന്നിരിക്കെ അത് ഉപയോഗിക്കാറില്ല. കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതിയാണിത്.

പാലക്കാട് ജില്ലയില്‍ റോഡ് വികസനത്തിനും നന്നാക്കുന്നതിനും പുനര്‍നിര്‍മാണത്തിനുമായി അഞ്ചു വര്‍ഷംകൊണ്ട് അയ്യായിരം കോടി രൂപ വിനിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രളയ ശേഷമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയ്ക്ക് പൊതുമരാമത്ത് വകുപ്പ് പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്നും ജി.സുധാകരന്‍ അവകാശപ്പെട്ടു.

Similar Posts