< Back
Kerala
വനിതാ മതിലിനായി പണപ്പിരിവ്: ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നേതൃത്വം
Kerala

വനിതാ മതിലിനായി പണപ്പിരിവ്: ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നേതൃത്വം

Web Desk
|
29 Dec 2018 11:29 AM IST

വനിതാ മതിലിനായി പണം പിരിക്കാന്‍ ജില്ലാ തലത്തില്‍ തീരുമാനമെടുക്കുകയോ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി പാലക്കാട് ജില്ലാ നേതൃത്വം.

വനിതാ മതിലിനായി പണം പിരിക്കാന്‍ ജില്ലാ തലത്തില്‍ തീരുമാനമെടുക്കുകയോ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി പാലക്കാട് ജില്ലാ നേതൃത്വം. താഴെത്തട്ടിലുള്ള സംഘാടക സമിതികള്‍ സ്വന്തം നിലയ്ക്കാണ് പിരിവു നടത്തുന്നതെന്നും ജില്ലാ നേതൃത്വം അറിയിച്ചു. പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് പരിശോധിക്കില്ലെന്നും ജില്ലാ നേതൃത്വം അറിയിച്ചു.

വനിതാ മതിലില്‍ ആളുകളെ പങ്കെടുപ്പിക്കണമെന്നു മാത്രമാണ് പ്രാദേശിക സംഘാടക സമിതികളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും പണം പിരിച്ചെടുക്കുന്നതു സംബന്ധിച്ച് എന്തെങ്കിലും നിര്‍ദേശം നല്‍കുകയോ രസീത് അടിച്ചു നല്‍കുകയോ ചെയ്തിട്ടില്ലെന്നും നവോത്ഥാന സംരക്ഷണ സമിതി പാലക്കാട് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനങ്ങള്‍ക്കിടയില്‍ രസീതടിച്ച് പണം പിരിക്കുന്ന താഴെത്തട്ടിലുള്ള ഘടകങ്ങളെക്കുറിച്ചുള്ള വിശദീകരണം ഇങ്ങനെയാണ്. പണം പിരിച്ചെടുത്തതിന്റെ കണക്ക് ജില്ലാ തല സമിതി പരിശോധിക്കില്ലെന്നും അതാത് ഘടകങ്ങള്‍ തന്നെയായിരിക്കും കണക്ക് പരിശോധിക്കുകയെന്നുമാണ് ജില്ലാ തല സംഘാടകര്‍ വ്യക്തമാക്കിയത്. ക്ഷേമ പെന്‍ഷന്‍ ഉപഭോക്താക്കളില്‍ നിന്ന് നിര്‍ബന്ധിത പിരിവ് നടത്തുന്നതിനു പുറമെ വലിയ സാമ്പത്തിക ക്രമക്കേടാണ് വനിതാ മതിലിന്റെ പേരില്‍ നടത്തുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തു വന്നു.

നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ ഒരു ഏരിയാ കമ്മിറ്റിക്കുവേണ്ടി മാത്രം 56,25,000 രൂപയുടെ കൂപ്പണുകളും തുക രേഖപ്പെടുത്താത്ത 50 പേജുകളുള്ള 3000 രസീത് ബുക്കുകളും പാലക്കാട്ടെ പ്രസ്സില്‍ അച്ചടിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഇതേ രീതിയില്‍ 13 ഏരിയാ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പിരിച്ചെടുക്കുന്ന പണത്തിന്റെ പരിശോധന ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ പരിപാടിയുടെ സംഘാടകര്‍ തന്നെ പറയുന്നത്.

Related Tags :
Similar Posts