< Back
Kerala
ശബരിമല സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി
Kerala

ശബരിമല സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി

Web Desk
|
2 Jan 2019 1:21 PM IST

പ്രതിഷേധത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ദര്‍ശനം നടത്താനാകാതെ തിരിച്ചിറങ്ങിയ ബിന്ദുവും കനക ദുര്‍ഗയുമാണ് ഇന്ന് മല ചവിട്ടിയത്. കോടതി വിധി വന്ന് 96 ദിവസത്തിന് ശേഷമാണ് ആദ്യമായി യുവതി പ്രവേശനം സാധ്യമായത്.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെത്തിയ രണ്ട് യുവതികള്‍ സന്നിധാനത്ത് ദര്‍ശനം നടത്തി. പ്രതിഷേധത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ദര്‍ശനം നടത്താനാകാതെ തിരിച്ചിറങ്ങിയ ബിന്ദുവും കനക ദുര്‍ഗയുമാണ് ഇന്ന് മല ചവിട്ടിയത്. കോടതി വിധി വന്ന് 96 ദിവസത്തിന് ശേഷമാണ് ആദ്യമായി യുവതി പ്രവേശനം സാധ്യമായത്. യുവതി പ്രവേശനത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം നടയടച്ച് പരിഹാര ക്രിയകള്‍ നടത്തി.

അതീവ രഹസ്യമായി ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കനക ദുര്‍ഗയും സന്നിധാനത്ത് എത്തിയത്. മഫ്ടി പൊലീസിന്റെ സുരക്ഷയിലാണ് പമ്പയില്‍ നിന്നുള്ള മലയകയറ്റം. 3.45ന് സന്നിധാനത്തെത്തിയ ഇരുവരും 15 മിനിറ്റിനകം ദര്‍ശനം നടത്തി തിരിച്ചിറങ്ങി.

ദര്‍ശനം നടത്തിയ വിവരം യുവതികള്‍ തന്നെയാണ് പുറത്തുവിട്ടത്. പതിനെട്ടാംപടി ഒഴിവാക്കി വി.ഐ.പി വാതിലിലൂടെയാണ് പൊലീസ് ഇവരെ സന്നിധാനത്ത് എത്തിച്ചത്. പതിനെട്ടാം പടി ചവിട്ടിയില്ലെന്ന് ബിന്ദു മീഡിയവണിനോട് പറഞ്ഞു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ ദേവസ്വം മന്ത്രിയോ അറിയാതെയായിരുന്നു സന്ദര്‍ശനം. ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ യുവതി പ്രവേശനം സ്ഥിരീകരിച്ചു.

ഇതിന് പിന്നാലെ പത്തരയോടെ ശബരിമല നട അടച്ചു. തന്ത്രി കണ്ഠരര് രാജീവരുടെ നിര്‍ദ്ദേശ പ്രകാരം മേല്‍ശാന്തി വി.എന്‍ വാസുദേവന്‍ നമ്പൂതിരിയാണ് നടയടക്കാന്‍ തീരുമാനിച്ചത്. ഇതോടെ തീര്‍ത്ഥാടകരെ പതിനെട്ടാം പടിക്ക് താഴെ തടഞ്ഞു. ഒരു മണിക്കൂര്‍ നേരം പുണ്യാഹവും ബിംബ ശുദ്ധിക്രിയയും നടത്തി. പിന്നീട് നട തുറന്ന് തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ചു.

Breaking News ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തിയെന്ന് രണ്ട് യുവതികള്‍

Posted by MediaoneTV on Tuesday, January 1, 2019
Similar Posts