ശബരിമലശബരിമലയില് തീര്‍ഥാടകര്‍ കുറവ്
|നട തുറന്ന 30ന് 34,900 പേരാണ് മല കയറിയത്. 31ന് ഇത്, 99,558 ആയി വര്‍ധിച്ചു. ഇന്നലെ, 93,500 ആയി കുറഞ്ഞു.
മകരവിളക്ക് മഹോത്സവത്തിനായി നട തുറന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്കില്ല. മലയാളി തീര്‍ത്ഥാടകരുടെ എണ്ണത്തിലാണ് ഇപ്പോഴും കുറവ് തുടരുന്നത്. സാധാരണ സീസണുകളെ അപേക്ഷിച്ച്, ഇതുവരെ പകുതിയോളം തീര്‍ത്ഥാടകര്‍ മാത്രമാണ് ദര്‍ശനം നടത്തിയത്.
മണ്ഡലവിളക്ക് സീസണിന്റെ അവസാന നാല് ദിവസങ്ങളിലാണ് ശരാശരി ഒരുലക്ഷത്തില്‍ അധികം തീര്‍ത്ഥാടകര്‍ ശബരിമലയില്‍ എത്തിയത്. മകരവിളക്കിനായി നട തുറക്കുമ്പോള്‍ ഇതേ അവസ്ഥ തുടരുമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ. എന്നാല്‍, അതുണ്ടായില്ല. നട തുറന്ന 30ന് 34,900 പേരാണ് മല കയറിയത്. 31ന് ഇത്, 99,558 ആയി വര്‍ധിച്ചു. ഇന്നലെ, 93,500 ആയി കുറഞ്ഞു. സാധാരണ സീസണുകളില്‍ പുതുവത്സര ദിനത്തില്‍ ധാരാളം തീര്‍ത്ഥാടകര്‍ എത്താറുണ്ട്. ഇത്തവണ ഒരു ലക്ഷം പോലും എത്തിയില്ല. ശരാശരി ഒന്നേ കാല്‍ മുതല്‍ ഒന്നര ലക്ഷം വരെ തീര്‍ത്ഥാടകര്‍ പ്രതിദിനം എത്തേണ്ട സമയമാണിത്.
തീര്‍ത്ഥാടകര്‍ ശബരിമലയില്‍ തങ്ങാതെ, തിരിച്ചിറങ്ങുവെന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. പുലര്‍ച്ചെ മൂന്ന് മണിയോടെ മലയിലെത്തി, 12 മണിയ്ക്ക് മുന്‍പായി നെയ്യഭിഷേകം ചെയ്ത് മടങ്ങുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. ഉച്ചയ്ക്ക് ശേഷമെത്തുന്ന തീര്‍ത്ഥാടകര്‍, അഭിഷേകത്തിനു നില്‍ക്കാതെ, നെയ്യ്, നെയ്‌തോണിയില്‍ നിക്ഷേപിച്ചോ, പ്രത്യേക കൗണ്ടറില്‍ നല്‍കിയോ തിരിച്ചിറങ്ങുന്നു. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഒരു മാസത്തെ കണക്കുകള്‍ പുറത്തുവിട്ടപ്പോള്‍ 65 കോടി രൂപയുടെ കുറവുണ്ട്.