
വനിതാമതില്‍ ചരിത്ര വിജയമായെന്ന് മുഖ്യമന്ത്രി
|സ്ത്രീ അവകാശങ്ങളെ നിഷേധിക്കുന്ന യാഥാസ്ഥിതിക,വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനിതാമതില്‍ ചരിത്ര വിജയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സ്ത്രീ അവകാശങ്ങളെ നിഷേധിക്കുന്ന യാഥാസ്ഥിതിക,വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതിലെന്നും മുഖ്യമന്ത്രി പറഞ്ഞു. വനിത മതിലില്‍ 55 ലക്ഷത്തോളം സ്ത്രീകള്‍ പങ്കാളികളായെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.എന്നാല്‍ വനിത മതില്‍ പരാജയമാണെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചു.
വനിതാ മതില്‍ സമാനതകളില്ലാത്ത സ്ത്രീമുന്നേറ്റമാണ്,ഇതിന് പിന്തുണ നല്‍കിയ സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീകള്‍ നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ മുന്നേറ്റമായി വനിതാ മതില്‍ മാറി. സ്ത്രീയുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ സംഘടിതമായി ശ്രമിക്കുന്ന യാഥാസ്ഥിതിക-വര്‍ഗീയ ശക്തികള്‍ക്ക് വലിയൊരു താക്കീതാണ് വനിതാമതിലെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.സംഘാടകര്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമാണ് വനിതമതിലില്‍ ഉണ്ടായതെന്നും 55 ലക്ഷം സ്ത്രീകള്‍ വനിത മതിലില്‍ പങ്കാളികളായെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വനിതാ മതില്‍ വന്‍വിജയമായപ്പോഴാണ് ആര്‍.എസ്.എസുകാര്‍ പരക്കെ അക്രമം അഴിച്ചുവിട്ടതെന്നും കോടിയേരി കുറ്റപ്പെടുത്തി. വനിതാ മതില്‍ ചരിത്രപ്രധാനമായ ഒരു സംഭവമായി മാറിക്കഴിഞ്ഞെന്ന് വി.എസ് അച്യുതാനന്ദനും അഭിപ്രായപ്പെട്ടു. വനിത മതിലിന് വേണ്ടി സര്‍ക്കാരിന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് മതിലിന്റെ മുഖ്യസംഘാടകരില്‍ ഒരാളായ പുന്നല ശ്രീകുമാര്‍ വ്യക്തമാക്കി.
സി.പി.എം കൊട്ടിഘോഷിച്ചു കൊണ്ടു വന്ന വനിതാ മതിലിനെ പൊതുസമൂഹം തള്ളിക്കളഞ്ഞുവെന്നും ഓദ്യോഗിക സംവിധാനം സര്‍ക്കാര്‍ പൂര്‍ണ്ണമായി ദുരുപയോഗപ്പെടുത്തിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനിത മതില്‍ കേരളത്തില്‍ ഒരു ചലനും സൃഷ്ടിച്ചില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തിട്ടും വനിതാ മതില്‍ പരാജയം ആയിരുന്നെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ളയും അഭിപ്രായപ്പെട്ടു.