< Back
Kerala
വനിതാമതിൽ വൻ വിജയമായെന്ന് ഇടതുമുന്നണി വിലയിരുത്തൽ
Kerala

വനിതാമതിൽ വൻ വിജയമായെന്ന് ഇടതുമുന്നണി വിലയിരുത്തൽ

Web Desk
|
2 Jan 2019 6:55 AM IST

ലോക്സഭ തെരഞ്ഞെടുപ്പിലടക്കം വനിതമതിൽ പ്രചരണായുധമാക്കാനൊരുങ്ങുകയാണ് സി.പി.എമ്മും ഇടതുമുന്നണിയും.

വനിതാമതിൽ വൻ വിജയമായെന്ന് ഇടതുമുന്നണി വിലയിരുത്തൽ. ശബരിമല വിഷയത്തില്‍ സർക്കാരിനെതിരായ വിമർശനങ്ങൾക്കുളള മറുപടിയാണ് വനിതാ മതിലിലെ സ്ത്രീ പങ്കാളത്തമെന്ന് മുന്നണി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലടക്കം വനിതമതിൽ പ്രചരണായുധമാക്കാനൊരുങ്ങുകയാണ് സി.പി.എമ്മും ഇടതുമുന്നണിയും.

ശബരിമല വിഷയത്തിലെ എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കാനായിരുന്നു വനിതാമതിലെന്ന ആശയവമായി സർക്കാർ മുന്നോട്ട് വന്നത്. ബി.ജെ.പിയും പ്രതിപക്ഷവും തുടക്കം മുതൽ വിമർശനവുമായി രംഗത്തെത്തിയതോടെ മതിൽ എന്തുവിലകൊടുത്തും വിജയിപ്പിക്കേണ്ട് സർക്കാരിനും ഇടതുമുന്നണിക്കും അഭിമാന പ്രശ്നമാവുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ചതിനപ്പുറം സ്ത്രീ പങ്കാളിത്തം പരിപാടിയിലുണ്ടായതോടെ വലിയ ആത്മവിശ്വാസമാണ് സർക്കാരിന് കൈവന്നിരിക്കുന്നത്. ഒരു മാസത്തോളമായി നടത്തിയ ആസൂത്രണം വിജയത്തിലെത്തിയതിന്റെ സന്തോഷവും സർക്കാരിനുണ്ട് .രാഷ്ട്രീയമായും സംഘടനപരമായും വനിത മതിൽ ഗുണം ചെയ്തെന്ന വിലയിരുത്തലാണ് സി.പി.എമ്മിനും ഇടതുമുന്നണിക്കുമുളളത്.നാമജപ പ്രതിഷേധത്തിലെ സ്ത്രീകളുടെ പങ്കാളിത്തം ആർ.എസ്.എസ് വലിയ പ്രചരണായുധമാക്കിയിരുന്നു.അതിന് സ്ത്രീകളിലൂടെ തന്നെ മറുപടി നൽകാനായതാണ് ആദ്യനേട്ടം.

ഔദ്യോഗിക ഇടതുപക്ഷത്തിന് പുറത്തുളളവരുടെ പിന്തുണ വനിതമതിലിലൂടെ ആർജ്ജിക്കാനായതും വലിയ നേട്ടമായി സി.പി.എം ഉയർത്തിക്കാട്ടുന്നുണ്ട്. കെ.പി.എം.എസിന്റെയും എസ്.എൻ.ഡി.പിയുടേയും വിവിധ ദളിത് സംഘടനകളുടേയും പിന്തുണ തെരഞ്ഞെടുപ്പടക്കമുളള തുടർന്നുളള രാഷ്ട്രീയ നീക്കങ്ങൾക്ക് പാർട്ടിക്ക് ഊർജ്ജമാകുമെന്നുറപ്പാണ്.ഇടതുപക്ഷ ബഹുജന സംഘടനകളെ ഒന്നാകെ അണിനിരത്തിയുളള കാടിളക്കിയുളള പ്രചരണമാണ് വനിതമതിലിനായി നടത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ സംഘടന സംവിധാനം അടിമുടി ഉണർത്താൻ കഴിഞ്ഞതും സി.പി.എമ്മിനും എൽ.ഡി.എഫിനും ഗുണം ചെയ്യും.

Related Tags :
Similar Posts