< Back
Kerala
ഹര്‍ത്താല്‍ ആഹ്വാനം തള്ളി  വ്യാപാരികള്‍; അക്രമങ്ങള്‍ക്കിടയിലും കടകള്‍ തുറന്നു
Kerala

ഹര്‍ത്താല്‍ ആഹ്വാനം തള്ളി വ്യാപാരികള്‍; അക്രമങ്ങള്‍ക്കിടയിലും കടകള്‍ തുറന്നു

Web Desk
|
3 Jan 2019 2:02 PM IST

ചിലയിടത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കടകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. കൊച്ചി ബ്രോഡ്‍വെയില്‍ ജില്ലാ കളക്ടര്‍ നേരിട്ട് എത്തി കടകള്‍ തുറപ്പിച്ചു. 

ഹര്‍ത്താല്‍ ആഹ്വാനം തള്ളി കേരളത്തിലെ പ്രമുഖ വിപണന കേന്ദ്രങ്ങള്‍ സജീവമായി. സംസ്ഥാനത്തുടനീളം രാവിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു. ചിലയിടത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കടകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടു. കൊച്ചി ബ്രോഡ്‍വെയില്‍ ജില്ലാ കളക്ടര്‍ നേരിട്ട് എത്തി കടകള്‍ തുറപ്പിച്ചു. പൊലീസ് സുരക്ഷ നല്‍കാത്തതിനെ തുടര്‍ന്ന് ചാല മാര്‍ക്കറ്റിലെത്തിയ വ്യാപാരികള്‍ മടങ്ങിപ്പോയി.

ഹര്‍ത്താലിനോട് സഹകരിക്കേണ്ടതില്ലെന്ന വ്യാപാരികളുടെ തീരുമാനം വിജയകരമായി നടപ്പാക്കുന്നത് കണ്ടാണ് ഹര്‍ത്താല്‍ ദിനം തുടങ്ങിയത്. എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫറുല്ല വ്യാപാരികള്‍ക്ക് ഇന്നലെ സുരക്ഷ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബ്രോഡ് വേയിലെ ഒരു വിഭാഗം വ്യാപാരികൾ കടകൾ തുറന്നത്. തുറന്ന കടകളിലെ വ്യാപാരികൾക്ക് പിന്തുണ നൽകാനെത്തിയ കലക്ടർ തുറക്കാൻ മടിച്ച് നിന്ന വ്യാപാരികൾക്ക് സുരക്ഷ വാഗ്ദാനം ചെയ്തു. തുടർന്നാണ് കൂടുതൽ കടകൾ തുറന്നത്.

ഹർത്താലിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയുടെ വിവിധ മേഖലകളിൽ വ്യാപാരികൾ ബൈക്ക് റാലി നടത്തി. ആലുവ മാര്‍ക്കറ്റും പതിവുപോലെ പ്രവര്‍ത്തിച്ചു. കോഴിക്കോട് മിഠായിത്തെരുവില്‍ രാവിലെ 9 മണിയോടെ കടകള്‍ തുറന്നു. സംഘടിച്ചെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതോടെ പിന്നീട് അടച്ചു. തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും കട തുറക്കാന്‍ രാവിലെ വ്യാപാരികള്‍ എത്തി. എന്നാല്‍ പൊലീസ് മതിയായ സുരക്ഷ നല്‍കാന്‍ തയ്യാറാകാതിരുന്നതിനാല്‍ കടകള്‍ തുറക്കാന്‍ സാധിച്ചില്ല. മറ്റ് ജില്ലകളിലും പ്രധാന വ്യാപാര കേന്ദ്രങ്ങള്‍ രാവിലെ തന്നെ സജീവമായി. ഹര്‍ത്താലിനെ ശക്തമായി നേരിടാനും നിയമനടപടികളിലേക്ക് നീങ്ങാനും കേരള ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി തീരുമാനിച്ചു.

Related Tags :
Similar Posts